ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുന്നു: ഖാർഗെ
Wednesday, February 26, 2025 1:26 AM IST
ന്യൂഡൽഹി: ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗം വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ ബിജെപി സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
"സബ്കാ സാത്, സബ്കാ വികാസ്’ (എല്ലാവരുടെയും കൂടെ, എല്ലാവരുടെയും വികസനം) എന്ന കേന്ദ്രസർക്കാരിന്റെ മുദ്രാവാക്യം സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അഭിലാഷങ്ങളെ പരിഹസിക്കുന്നതാണെന്നും അവരുടെ സ്കോളർഷിപ്പുകളെ സർക്കാർ തട്ടിപ്പറിച്ചുവെന്നും ഖാർഗെ ആരോപിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളർഷിപ്പുകളിലുണ്ടായിരിക്കുന്ന കുറവിന്റെ കണക്ക് സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ടായിരുന്നു ഖാർഗെയുടെ വിമർശനം.