മണിപ്പുരിലെ ഡ്രോണ്‍ ബോംബുകൾക്ക് ഡൽഹി, ഹരിയാന ബന്ധം: എൻഐഎ
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപം ആളിക്കത്തിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലുണ്ടായ ആക്രമണത്തിൽ വർഷിച്ച ഡ്രോണ്‍ ബോംബുകൾക്കു പിന്നിൽ ഡൽഹി, ഹരിയാന പൗരന്മാരെന്ന് ദേശീയ അന്വേഷണ ഏജൻസി.
ഇംഫാൽ വെസ്റ്റിലെ കൗട്രുക്ക്, കടംഗ്ബന്ദ്, സെൻജം ചിരാംഗ് എന്നിവിടങ്ങളിൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനായിരുന്നു മണിപ്പുരിന്റെ ചരിത്രത്തിൽ ആദ്യമായി 40 ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബാക്രമണം.
ഡൽഹി സ്വദേശി മായങ്ക് ശർമ, ഹരിയാനയിലെ റോഹ്തക് സ്വദേശി വിക്രം ചൗധരി എന്നിവരാണു മണിപ്പുരിലെ തീവ്രവാദികൾക്ക് ഡ്രോണുകൾ വിതരണം ചെയ്തതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.
മണിപ്പുരിലെ ഗാംഗ്ഗൈ ഗ്രാമവാസിയായ ഖൈഗൗലെൻ കിപ്ഗെൻ എന്നയാളാണു വൻതുക നൽകി ഡ്രോണ്‍ ബോംബുകൾ വാങ്ങിയത്. പണമായും ഓണ്‍ലൈനായും തുക നൽകിയാണ് കിപ്ഗെൻ ഡ്രോണുകളും ബാറ്ററികൾ ഉൾപ്പെടെയുള്ള അനുബന്ധ ഉപകരണങ്ങളും വാങ്ങിയതെന്ന് എൻഐഎ പറഞ്ഞു.
ലൈകാംഗ്ബാം ആൽബർട്ട് സിംഗ് (36) എന്നയാളും ശർമയിൽനിന്നും ചൗധരിയിൽനിന്നും ഡ്രോണുകളും ബാറ്ററികളും വാങ്ങിയിട്ടുണ്ടെന്നും എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ അവകാശപ്പെട്ടു.
സെപ്റ്റംബർ 20നാണ് കേസന്വേഷണം എൻഐഎ ഏറ്റെടുത്തത്. ഡ്രോണ്‍ ബോംബാക്രമണത്തിൽ 31 വയസുള്ള എൻഗാംഗ്ബാം സുർബല ദേവി എന്ന സ്ത്രീ കൊല്ലപ്പെടുകയും അവരുടെ ആറു വയസുള്ള മകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആയുധങ്ങൾ തിരികെ നൽകാൻ തീയതി നീട്ടില്ല: ചീഫ് സെക്രട്ടറി
ന്യൂഡൽഹി: മണിപ്പുരിലെ മെയ്തെയ്, കുക്കി വിഭാഗങ്ങളുടെ കൈവശമുള്ള അനധികൃത ആയുധങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തിനകം തിരിച്ചുനൽകിയില്ലെങ്കിൽ കർശന നടപടിയെന്നു ചീഫ് സെക്രട്ടറി പ്രശാന്ത് കുമാർ സിംഗ്. ആയുധങ്ങൾ അടിയറവ് വയ്ക്കാനുള്ള സമയപരിധി നീട്ടിനൽകണമെന്ന മെയ്തെയ്, കുക്കി സംഘടനകളുടെ ആവശ്യം അദ്ദേഹം തള്ളി.
സമാധാനം പുനഃസ്ഥാപിക്കാനും സ്ഥിരത കൊണ്ടുവരാനുമുള്ള പ്രക്രിയയിലെ ആദ്യത്തേതും പ്രധാനവുമായ നടപടിയാണ് നിയമവിധേയമല്ലാത്ത ആയുധങ്ങൾ വീണ്ടെടുക്കുകയെന്ന് പി.കെ. സിംഗ് ചൂണ്ടിക്കാട്ടി.
വേണമെങ്കിൽ അവർക്ക് ഒരു ദിവസംകൊണ്ട് ആയുധങ്ങൾ തിരിച്ചുനൽകാൻ കഴിയുമെന്നും കൊള്ളയടിച്ചതും അനധികൃതവുമായ ആയുധങ്ങൾ സുരക്ഷയ്ക്കു ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 13നാണ് മണിപ്പുരിൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്.
ആയുധങ്ങൾ വീണ്ടെടുക്കുന്നതിന് വെള്ളിയാഴ്ചയ്ക്കുശേഷം സുരക്ഷാ സേനകൾ കർശന നടപടികൾ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്തെ ആയുധപ്പുരകളിൽനിന്നും പോലീസ്, സൈനിക, അർധസൈനിക ക്യാന്പുകളിൽനിന്നും മറ്റും കൊള്ളയടിച്ചതും അനനധികൃതവുമായ എല്ലാ ആയുധങ്ങളും ഒരാഴ്ചയ്ക്കകം തിരികെ നൽകണമെന്ന് ഗവർണർ അജയ് കുമാർ ഭല്ല കഴിഞ്ഞ വ്യാഴാഴ്ചയാണു പരസ്യ അഭ്യർഥന നടത്തിയത്.
പ്രധാന ദേശീയപാതകളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. തീവ്രസംഘടനകളുടെ പരിശോധന അവസാനിപ്പിക്കാനും വാഹനഗതാഗതം സുഗമമാക്കുന്നതിനും ദേശീയപാതകളിൽ കൂടുതൽ സേനയെ വിന്യസിക്കും. അക്രമങ്ങളിൽ കുടിയിറക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പി.കെ. സിംഗ് വ്യക്തമാക്കി.
അതേസമയം, ചുരാചന്ദ്പുരിൽ കുക്കി സോ ഗോത്രസംഘടനകളും ഇംഫാൽ താഴ്വാരയിൽ അരംബായി തെങ്കോൾ സംഘടനയും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അന്‍പതോളം ആയുധങ്ങൾ തിരികെ നൽകിയതായി പോലീസ് അറിയിച്ചു.
ആസാം റൈഫിൾസും സിആർപിഎഫും പോലീസും സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സംസ്ഥാന ഭരണകൂടവും പ്രാദേശികസമൂഹ നേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സ്വമേധയാ ആയുധങ്ങളും വെടിക്കോപ്പുകളും തിരികെ നൽകിയതെന്ന് പോലീസ് പിആർഒ പറഞ്ഞു.
എ.കെ. 56 റൈഫിളുകൾ, സ്നൈപ്പർ ഫൈെിളുകൾ, ഗ്രനേഡുകൾ, ഐഇഡി അടക്കമുള്ള ബോംബ് സ്ഫോടന സാമഗ്രികൾ, നൂറുകണക്കിന് അത്യാധുനിക തോക്കുകൾ, ലക്ഷക്കണക്കിന് വെടിയുണ്ടകൾ എന്നിവയും ഉഗ്ര സ്ഫോടകവസ്തുക്കളും മണിപ്പുരിലെ ആയുധപ്പുരകളിൽനിന്നു കലാപകാരികൾ കൊള്ളയടിച്ചിരുന്നു.