തരൂർ വിവാദം: കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു
Tuesday, February 25, 2025 2:13 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോണ്‍ഗ്രസിൽ കോളിളക്കം സൃഷ്ടിച്ച ഡോ. ശശി തരൂരിന്റെ പ്രസ്താവനയ്ക്കു പിന്നാലെയുള്ള വിവാദങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ കേരള നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ചു. കേരളത്തിലെ മുതിർന്ന നേതാക്കളുടെയും എംപിമാരുടെയും അടിയന്തര യോഗം വെള്ളിയാഴ്ച എഐസിസിയുടെ പുതിയ ആസ്ഥാനത്താകും ചേരുക.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടത്തിയ കൂടിയാലോചനയിലാണ് പ്രശ്നങ്ങൾ വലിച്ചുനീട്ടാതെ അടിയന്തരമായി പരിഹരിക്കു ന്നതിന് സംസ്ഥാന നേതാക്കളെയും എംപിമാരെയും ഡൽഹിക്കു വിളിപ്പിക്കാൻ തീരുമാനിച്ചത്.
തിരുവനന്തപുരത്തുള്ള പ്രവർത്തകസമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണിയുമായി സംസ്ഥാന നേതാക്കളും വേണുഗോപാലും നേരിട്ടും ടെലിഫോണിലും ചർച്ച നടത്തും.
സംസ്ഥാനത്തുനിന്നുള്ള വർക്കിംഗ് കമ്മിറ്റിയംഗങ്ങളായ കെ.സി. വേണുഗോപാൽ, ഡോ. ശശി തരൂർ, രമേശ് ചെന്നിത്തല എന്നിവർക്കു പുറമെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ, പ്രിയങ്ക ഗാന്ധി വദ്ര അടക്കമുള്ള എംപിമാർ തുടങ്ങിയവർ വെള്ളിയാഴ്ചത്തെ സുപ്രധാന ചർച്ചകളിൽ പങ്കെടുക്കും. വെള്ളിയാഴ്ചത്തെ പരിപാടികൾ റദ്ദാക്കി ഡൽഹിയിൽ എത്താനാണു മുതിർന്ന നേതാക്കളോടും എംപിമാരോടും ഹൈക്കമാൻഡ് നിർദേശിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്‍പായി പോര് അവസാനിപ്പിക്കാനാണു ശ്രമം. കോണ്‍ഗ്രസിലെ പടലപിണക്കങ്ങളിൽ മുസ്ലിം ലീഗ് അടക്കമുള്ള യുഡിഎഫ് ഘടകകക്ഷി നേതാക്കൾ കടുത്ത അതൃപ്തി അറിയിച്ചതും പ്രശ്നപരിഹാരത്തിനായി യോഗം വിളിക്കാൻ ഹൈക്കമാൻഡിനെ പ്രേരിപ്പിച്ചു.
ഇതേസമയം, സ്വന്തം പാർട്ടിയിലെ ചിലർ തനിക്കെതിരേ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണങ്ങൾ തരൂരിനെ പതിവിലേറെ പ്രകോപിപ്പിച്ചതായാണു സൂചന. എങ്കിലും എരിതീയിൽ എണ്ണയൊഴിക്കാനില്ലെന്ന് തരൂർ ഇന്നലെ അടുത്ത സുഹൃത്തുക്കളോടു വ്യക്തമാക്കി.
ദേശീയ ദിനപത്രത്തിലെ പോഡ്കാസ്റ്റ് അഭിമുഖത്തിനു പിന്നാലെ തരൂരിന്റെ അഭിമുഖത്തിനായി ഇംഗ്ലീഷ്, ഹിന്ദി അടക്കം 73 പ്രധാന മാധ്യമങ്ങളുടെ പത്രപ്രവർത്തകർ അഭ്യർഥിച്ചെങ്കിലും ഇന്നലെ വൈകുന്നേരം വരെ തരൂർ ഒന്നിനും തയാറായില്ല. വിവാദം ഒഴിവാക്കാനായി രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവർത്തകരുടെയും ഫോണ്‍ കോളുകൾ പോലും എടുത്തില്ലെന്ന് തരൂർ ദീപികയോടു പറഞ്ഞു.
വെള്ളിയാഴ്ച ഹൈക്കമാൻഡ് വിളിച്ചിരിക്കുന്ന യോഗം നിർണായകമാകും. തരൂരിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ സംസ്ഥാന നേതാക്കളോ എംപിമാരോ തുനിഞ്ഞാൽ മാത്രമേ പ്രശ്നം വഷളാകാനിടയുള്ളൂ.
ഡോ. തരൂരിന്റെ ചില നിലപാടുകളോട് യോജിപ്പില്ലെങ്കിലും ഒരു കാരണവശാലും അദ്ദേഹം പാർട്ടിക്കു പുറത്തു പോകുന്ന സ്ഥിതിയുണ്ടാകരുതെന്നാണ് ഹൈക്കമാൻഡിന്റെയും മുതിർന്ന ദേശീയ നേതാക്കളുടെയും തീരുമാനം.
തരൂരിനെ പ്രകോപിപ്പിക്കേണ്ടതില്ല എന്നതിൽ ആർക്കും തർക്കമില്ല; തത്കാലം അനുനയിപ്പിക്കും. എന്നാൽ പാർട്ടി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ചതും എൽഡിഎഫ് സർക്കാരിന്റെ വ്യവസായനേട്ടങ്ങളെ പ്രകീർത്തിച്ചതും നേതൃത്വത്തിന് രസിച്ചിട്ടില്ല.
കേരളത്തിലെ അടുത്ത മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരോടൊപ്പം തരൂരിനെയും പരിഗണിക്കേണ്ടിവരുമെന്നതാണ് കേരളത്തിലെ നേതാക്കളിൽ ആശങ്കയുണ്ടാ ക്കുന്നത്.
കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗവും മുതിർന്ന എംപിയും ആഗോളതലത്തിൽ ശ്രദ്ധേയനുമായിട്ടും പാർട്ടിയിലെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കൂടിയാലോചനകളിൽനിന്നു പാടെ തഴഞ്ഞത് അടക്കമുള്ള കാര്യങ്ങളാണ് അതൃ പ്തിക്കു കാരണമായി തരൂർ പറഞ്ഞത്.