കർണാടക-മഹാരാഷ്ട്ര ബസ് സർവീസ് നിർത്തിവച്ചു
Wednesday, February 26, 2025 12:33 AM IST
ബെളഗാവി: കർണാടക-മഹാരാഷ്ട്ര ബസ് സർവീസ് നിർത്തിവച്ചു. ബസുകൾക്കും ജീവനക്കാർക്കും നേർക്കുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണു തീരുമാനം.
തിങ്കളാഴ്ച മുതൽ മഹാരാഷ്ട്രയിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവച്ചെന്നും മഹാരാഷ്ട്രയിൽനിന്നു കർണാടകയിലേക്കുള്ള സർവീസുകളും നിർത്തിയെന്നും നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ(എൻഡബ്ല്യുകെആർടിസി) വൃത്തങ്ങൾ അറിയിച്ചു.
കന്നഡക്കാരനായ കണ്ടക്ടറെ മഠാഠി വിഭാഗക്കാർ മർദിച്ചതിനെത്തുടർന്നാണ് ബെളഗാവിയിൽ സംഘർഷമുണ്ടായത്. യാത്രക്കാരനോടു മഠാഠി സംസാരിക്കാത്തതിന്റെ പേരിലായിരുന്നു മഹാദേവപ്പ എന്ന കണ്ടക്ടർക്കു മർദനമേറ്റത്. തുടർന്നാണ് കർണാടകയിലും മഹാരാഷ്ട്രയിലും ബസുകൾക്കു നേരേ ആക്രമണമുണ്ടായത്.
കർണാടക രക്ഷണ വേദികയുടെ ടി.എ. നാരായണ ഗൗഡയും പ്രവീൺ ഷെട്ടിയും നേതൃത്വം നല്കുന്ന വിഭാഗങ്ങൾ ഇന്നലെ ബെളഗാവിയിൽ പ്രകടനം നടത്തി.