എഐസിസി കേരള യോഗം: ശശി തരൂർ പങ്കെടുക്കും
Wednesday, February 26, 2025 1:26 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കേരളത്തിലെ കോണ്ഗ്രസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ വെള്ളിയാഴ്ച ഡൽഹിയിലെ എഐസിസി ആസ്ഥാനത്തു നടക്കുന്ന പ്രത്യേക യോഗത്തിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എംപി. ഇതേസമയം, തരൂരിനെ പിന്തുണയ്ക്കുന്ന എം.കെ. രാഘവൻ എംപി ഡൽഹിയിലെത്തി ആദ്യം തരൂരുമായും പിന്നീട് ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയുമായും ചർച്ച നടത്തി.
സംസ്ഥാനങ്ങളിലെ സംഘടനാ കാര്യങ്ങളും പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും വിലയിരുത്തുന്നതിന്റെ ഭാഗമായാണ് കേരള നേതാക്കളെയും എംപിമാരെയും വെള്ളിയാഴ്ച ഡൽഹിക്കു വിളിപ്പിച്ചതെന്ന് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ദീപികയോടു പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെയും എംപിമാരുടെയും സമാന യോഗങ്ങൾ നടന്നുവരികയാണ്. വെള്ളിയാഴ്ച രാവിലെയും ഇത്തരത്തിലുള്ള മറ്റൊരു യോഗമുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതലാണ് കേരളത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്യാനായി യോഗം ചേരുന്നത്.
കോണ്ഗ്രസിന്റെ പുതിയ ആസ്ഥാനമന്ദിരത്തിൽ നടക്കുന്ന യോഗത്തിൽ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ദീപാദാസ് മുൻഷി, ശശി തരൂർ, രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും. പ്രവർത്തകസമിതിയംഗം എ.കെ. ആന്റണി ഡൽഹി യോഗത്തിനായി വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്.
കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി, കെപിസിസി ഭാരവാഹികൾ, കേരളത്തിൽനിന്നുള്ള മറ്റു കോണ്ഗ്രസ് എംപിമാർ എന്നിവരും ഡൽഹിക്കെത്തും.
മൂന്നു മണിക്കൂറോളം നീണ്ടേക്കാവുന്ന ചർച്ചകളിൽ ശശി തരൂർ ഉയർത്തിയ വിവാദങ്ങളും സ്വാഭാവികമായും വരുമെന്ന് കേരളത്തിൽനിന്നുള്ള പ്രമുഖ നേതാവ് ചൂണ്ടിക്കാട്ടി.
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരെ കെപിസിസി പ്രസിഡന്റായി കെ. സുധാകരൻ തുടരട്ടെയെന്നാണു പൊതുധാരണ. അടുത്ത മുഖ്യമന്ത്രിയെക്കുറിച്ചും പിസിസിയിലെ നേതൃമാറ്റവും സംബന്ധിച്ചുള്ള ചർച്ചകൾ വിജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി.
യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചശേഷം മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്നതാണ് കോണ്ഗ്രസ് പാരന്പര്യം. ഈ സാഹചര്യത്തിൽ ഈ രണ്ടു കാര്യങ്ങളിലും മേലിൽ പരസ്യചർച്ച പാടില്ലെന്ന് വെള്ളിയാഴ്ചത്തെ യോഗത്തിൽ അറിയിക്കും.
കേരളത്തിൽ ഉടൻ നടക്കാനുള്ള ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി ഗ്രൂപ്പ്, നേതൃത്വ തർക്കങ്ങൾ പൂർണമായി മാറ്റിവച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാകും എഐസിസി നേതൃത്വം സംസ്ഥാന നേതാക്കളെ ബോധ്യപ്പെടുത്തുക. സംഘടനയെ ശക്തിപ്പെടുത്താനും എൽഡിഎഫ്, ബിജെപി മുന്നണികൾക്കെതിരായ പ്രചാരണം ശക്തിപ്പെടുത്താനും കർമപദ്ധതി ആവിഷ്കരിക്കും.
ഇതിനിടെ, തദ്ദേശ തെരഞ്ഞെടുപ്പ് വരെ പാർട്ടിയിൽ കൂടുതൽ കലാപം സൃഷ്ടിക്കേണ്ടതില്ലെന്ന് തരൂരും രാഘവനും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായെന്ന് സൂചനയുണ്ട്.