അമേരിക്കയുടെ സാന്പത്തിക സഹായം: ധനമന്ത്രാലയം ബിജെപിയുടെ കള്ളങ്ങൾ പൊളിച്ചെന്ന് കോണ്‍ഗ്രസ്
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രാലയത്തിന്റെ 2023-24 വർഷത്തിലെ റിപ്പോർട്ട് അമേരിക്ക നൽകിവരുന്ന സാന്പത്തികസഹായത്തെക്കുറിച്ചുള്ള ബിജെപിയുടെ കള്ളങ്ങൾ പൊളിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്.
ധനമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ ഇന്ത്യയിലെ വോട്ടിംഗ് പങ്കാളിത്തം വർധിപ്പിക്കുന്നതിന് അമേരിക്കയിൽനിന്ന് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതിനു പിന്നാലെയാണ് ബിജെപിക്കെതിരേയുള്ള ജയ്റാമിന്റെ വിമർശനം.
2023-24ലെ ധനമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ, ഇന്ത്യൻ സർക്കാരിന്റെ പങ്കാളിത്തത്തോടെ ഏകദേശം 75 കോടി ഡോളർ വകയിരുത്തുന്ന ഏഴു പദ്ധതികളാണ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റ് (യുഎസ്എയ്ഡ്) വഴി നടപ്പിലാക്കുന്നതെന്നും ഇതിലൊന്നിൽപ്പോലും വോട്ടർമാരുടെ പങ്കാളിത്തത്തിനായി അമേരിക്ക പണം നൽകുന്നില്ലെന്നും ജയ്റാം ചൂണ്ടിക്കാട്ടി. ഇതിൽ എല്ലാ പദ്ധതികളും കേന്ദ്രസർക്കാരിലൂടെയാണ് നടപ്പിലാക്കുന്നതെന്നും ജയ്റാം കൂട്ടിച്ചേർത്തു.
2023-24ലെ ധനമന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിലാണ് യുഎസ്എയ്ഡ് ഏഴു പദ്ധതികൾക്കായി 9.7 കോടി ഡോളറാണു (ഏകദേശം 825 കോടി രൂപ) ഇന്ത്യക്കായി നൽകിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
ഇന്ത്യയിലെ വിവിധ മേഖലയിലേക്കുള്ള അമേരിക്കയുടെ സാന്പത്തികസഹായം 1951ലാണ് ആരംഭിച്ചത്. യുഎസ്എയ്ഡിലൂടെ 555ലധികം പദ്ധതികൾക്കായി 1700 കോടി ഡോളറിലധികം രൂപയുടെ സഹായമാണ് അമേരിക്ക ഇതുവരെ നൽകിയിരിക്കുന്നത്.
അമേരിക്കയിൽനിന്നുള്ള വ്യാജവാർത്തകൾ പ്രചരിപ്പിച്ച് ബിജെപി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നു കഴിഞ്ഞദിവസം കോണ്‍ഗ്രസ് പ്രതികരിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇലോണ്‍ മസ്കും ഇന്ത്യയെ തുടർച്ചയായി അപമാനിക്കുന്പോൾ സർക്കാർ നിശബ്ദരായിരിക്കുന്നതിന് മോദിയും വിദേശകാര്യമന്ത്രിയും ഉത്തരം പറയണമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.