പ്രൗഢഗംഭീരം ഇന്തോ-ശ്രീലങ്കന്‍ ബെനഡിക്ടെന്‍ ഫെഡറേഷന് സുവര്‍ണ ജൂബിലി ആഘോഷം
Wednesday, February 26, 2025 12:33 AM IST
ബംഗളൂരു: ഇന്തോ -ശ്രീലങ്കന്‍ ബെനഡിക്ടെന്‍ ഫെഡറേഷന്റെ (ഐഎസ്ബിഎഫ്) സുവര്‍ണ ജൂബിലി ആഘോഷം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ബംഗളൂരു ആശിര്‍വനം ബെനഡിക്ടെന്‍ മൊണസ്ട്രിയില്‍ സംഘടിപ്പിച്ചു.
ഐഎസ്ബിഎഫ് അംഗങ്ങളും സെന്റ് ബെനഡിക്ട്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും പങ്കാളികളായ സുവര്‍ണ ജൂബിലി ആഘോഷം ബെനഡിക്ടെന്‍ മൊണാസ്ട്രിയുടെ ചരിത്രത്തിലെ അപൂര്‍വ ഏടായി മാറി.
ബെനഡിക്ടെന്‍ വിദ്യാഭ്യാസത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ആബട്ട് പ്രൈമേറ്റ് ജെറീമിയാസ് ഷ്രോഡര്‍ ഒഎസ്ബി സന്ദേശം നല്കി.
സന്യാസജീവിതത്തെക്കുറിച്ചും കാലത്തിന്റെ അടയാളങ്ങള്ക്കനുസരിച്ചുള്ള മാറ്റത്തിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ബോധിപ്പിച്ച ആബട്ട് പ്രൈമേറ്റ് ജെറീമിയസ് ഷ്രോഡര്‍, വിശുദ്ധ ബെനഡിക്ടിന്റെ ജീവിതത്തെ മാറ്റിമറിച്ച വിശുദ്ധരുടെയും സന്യാസിമാരുടെയും കന്യാസ്ത്രീകളുടെയും ത്യാഗപൂര്‍ണമായ സമര്‍പ്പിത ജീവിതത്തെക്കുറിച്ചും വിവരിച്ചു.
ജൂബിലി കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. ആഗോളതലത്തില്‍ ബെനഡിക്ടെന്‍ മൊണാസ്ട്രിയുടെ പ്രാധാന്യവും യൂറോപ്യന്‍ നാഗരികതയില്‍ മൊണാസ്ട്രി വഹിച്ച പങ്കും ആര്‍ച്ച്ബിഷപ് ചൂണ്ടിക്കാട്ടി.
ഐഎസ്ബിഎഫിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സംഭാവനകള്‍ നല്കിയ വിശിഷ്ട വ്യക്തികളെയും ഭാരവാഹികളെയും വിടപറഞ്ഞവരെയും ചടങ്ങില്‍ ആദരിച്ചു. അബട്ട് പ്രൈമേറ്റ് ജെറീമിയസ് ഷ്രോഡര്‍ ഐഎസ്ബിഎഫിന്റെ പുതിയ ഡയറക്ടറി പുറത്തിറക്കി.