തെലുങ്കാന തുരങ്ക അപകടം: തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവെന്ന് മന്ത്രി
Tuesday, February 25, 2025 2:13 AM IST
ഹൈദരാബാദ്: തെലുങ്കാന നാഗര്‍കുര്‍ണൂല്‍ തുരങ്കത്തില്‍ കുടുങ്ങിയ എട്ട് തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് മന്ത്രി കൃഷ്ണ റാവു. ദുരന്തമേഖല സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
“അപകടസ്ഥലം ചെളിയും അവശിഷ്ടങ്ങളുംകൊണ്ട് മൂടപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഈ ദൗത്യം വളരെ ബുദ്ധിമുട്ടുള്ളതാണ്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാന്‍ കുറഞ്ഞത് മൂന്നു-നാല് ദിവസമെങ്കിലും എടുത്തേക്കാം.
സത്യം പറഞ്ഞാല്‍, അവര്‍ ജീവനോടെ എത്താനുള്ള സാധ്യത വളരെ കുറവാണ്. അപകടസ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റര്‍ മാത്രം അകലെയുള്ള അറ്റം വരെ ഞാന്‍ പോയിരുന്നു.
ഞങ്ങള്‍ ഫോട്ടോകള്‍ എടുത്തപ്പോള്‍ തുരങ്കത്തിന്റെ അവസാനം വ്യക്തമായിരുന്നു. അവിടെ 25 അടി വരെ ചെളി അടിഞ്ഞുകൂടിയിരുന്നു. തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ പേരുവിവരങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞപ്പോള്‍ അവരില്‍നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ലെന്നും കൃഷ്ണ റാവു പറഞ്ഞു. ദുരന്തനിവാരണസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദേഹം വ്യക്തമാക്കി.
48 മണിക്കൂറിലേറെയായി, തകര്‍ന്ന തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട്. ഉത്തര്‍പ്രദേശില്‍നിന്നുള്ള മനോജ് കുമാര്‍, ശ്രീ നിവാസ്, സണ്ണി സിംഗ് (ജമ്മു കാഷ്മീര്‍), ഗുര്‍പ്രീത് സിംഗ് (പഞ്ചാബ്), സന്ദീപ് സാഹു, ജെഗ്ത സെസ്, സന്തോഷ് സാഹു, ജാര്‍ഖണ്ഡില്‍നിന്നുള്ള അനുജ് സാഹു എന്നിവരാണ് തുരങ്കത്തില്‍ കുടുങ്ങിയിരിക്കുന്നത്. എട്ട് പേരില്‍ രണ്ട് പേര് എൻജിയര്‍മാരും രണ്ട് പേര് ഓപ്പറേറ്റര്‍മാരും നാല് പേര് തൊഴിലാളികളുമാണ്.
കഴിഞ്ഞ ശനിയാഴ്ച നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ ടണലില്‍ പ്രവേശിച്ചപ്പോള്‍ ടണലിന്റെ മുകള്ഭാഗം തകര്‍ന്ന് വീഴുകയായിരുന്നു. ടണലിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ തൊഴിലാളികള്‍ അകത്ത് കയറിയപ്പോഴാണ് അപകടമുണ്ടായത്.