കേന്ദ്ര അവഗണനയ്ക്കെതിരേ ഡൽഹിയിൽ എൽഡിഎഫിന്റെ പ്രതിഷേധം
Tuesday, February 25, 2025 2:13 AM IST
ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിതർക്കൊപ്പം ഫോട്ടോയെടുത്ത പ്രധാനമന്ത്രി അവർക്ക് എന്തു സഹായം നൽകിയെന്ന് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്.
വയനാട് ദുരിതബാധിതരോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡൽഹി ജന്തർ മന്തറിൽ നടത്തിയ പ്രതിഷേധപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഫെഡറൽ സംവിധാനങ്ങളെ തകർക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ഹൗസിൽ ആരംഭിച്ച പ്രതിഷേധസമരം അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി വിജു കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ വയനാട് മുൻ എംപി രാഹുൽ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും മൗനം വെടിയണമെന്നും വിജു കൃഷ്ണൻ ആവശ്യപ്പെട്ടു. കേന്ദ്ര അവഗണന തുടർന്നാൽ സമരം ശക്തമാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
വയനാട് പുനരധിവാസത്തിന് 2000 കോടി രൂപയെങ്കിലും അനുവദിക്കുക, വന്യജീവി ആക്രമണം തടയാൻ 1000 കോടിയുടെ പാക്കേജ് അനുവദിക്കുക, വനം- റവന്യു വകുപ്പുകൾ സംയുക്ത സർവേ നടത്തി അർഹരായവർക്ക് പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സിപിഎം രാജ്യസഭാംഗങ്ങളായ ജോണ്‍ ബ്രിട്ടാസ്, വി. ശിവദാസൻ, ലോക്സഭാംഗം സച്ചിതാനന്ദം, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, എൽഡിഎഫ് വയനാട് ജില്ലാ കണ്‍വീനർ സി.കെ. ശശീന്ദ്രൻ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ഉച്ചയ്ക്ക് ഒന്നുവരെ സമരം നടത്താനുള്ള അനുമതിയാണ് ഡൽഹി പോലീസ് നൽകിയത്. സമരം ഇന്നും തുടരും.