കർണാടകയിൽ അപകടപരന്പര; 14 മരണം
Thursday, January 23, 2025 3:00 AM IST
യെല്ലാപുര/റായ്ചുർ: ഉത്തരകന്നഡ, റായ്ചുർ ജില്ലകളിൽ ഇന്നലെയുണ്ടായ റോടപകടങ്ങളിൽ 14 പേർ മരിച്ചു. പതിനഞ്ചോളം പേർക്കു പരിക്കേറ്റു.
ഉത്തര കന്നഡയിലെ യെല്ലാപുര ചന്തയിലേക്ക് പച്ചക്കറിക്കച്ചവടക്കാരുമായി വന്ന ട്രക്ക് മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കുന്പോൾ നിയന്ത്രണംവിട്ട് 50 അടി താഴ്ചയിലേക്കുവീഴുകയായിരുന്നു. അപകടത്തിൽ 10 പേർ മരിച്ചു.
ഹുബ്ബള്ളി കിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ നില ഗുരുതരമാണ്. ഇന്നലെ വെളുപ്പിന് 5.30നായിരുന്നു അപകടം.
ഹാവേരി ജില്ലയിലെ സവനൂരിൽനിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും നല്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാനം ദുരിതാശ്വാസ സഹായം പ്രഖ്യാപിച്ചിട്ടില്ല.
റായ്ചുരിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ടുമറിഞ്ഞ് മൂന്നു കുട്ടികൾ ഉൾപ്പെടെ നാലു പേരാണ് മരിച്ചത്.
ഹംപിയിലേക്ക് ടൂർ പോയ മന്ത്രാലയ സംസ്കൃത പാഠശാലയുടെ ബസാണ് സിന്ദനുരിൽ നിയന്ത്രണംവിട്ടു മറിഞ്ഞത്. ഇന്നലെ വെളുപ്പിനുണ്ടായ അപകടത്തിൽ പത്തു പേർക്ക് പരിക്കേറ്റു.