സ്വത്തവകാശം ഭരണഘടനാപരം: സുപ്രീംകോടതി
Saturday, January 4, 2025 3:00 AM IST
സനു സിറിയക്
ന്യൂഡൽഹി: സ്വത്തവകാശം മനുഷ്യാവകാശവും ഭരണഘടനാപരമായ അവകാശമാണെന്ന് സുപ്രീംകോടതി. നിയമം അനുശാസിക്കുന്ന മതിയായ നഷ്ടപരിഹാരം നൽകാതെ ഒരാളുടെ സ്വത്ത് ഏറ്റെടുക്കാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
1978 ലെ ഭരണഘടനാ ഭേദഗതിപ്രകാരം സ്വത്തിനുള്ള അവകാശം മൗലികാവകാശമല്ലെങ്കിലും ഭരണഘടനാ അനുച്ഛേദം 300 (എ) പ്രകാരം ഇതൊരു ഭരണഘടനാപരമായ അവകാശമായി തുടരുന്നു.
കൃത്യമായ നഷ്ടപരിഹാരം നൽകാതെ ഒരു വ്യക്തിയുടെയും സ്വത്ത് സർക്കാരുകൾക്ക് കൈവശപ്പെടുത്താനാകില്ലെന്നും ജസ്റ്റീസുമാരായ ബി.ആർ.ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതിയിലെ വിപണിനിരക്കിലാണു നഷ്ടപരിഹാരം നിശ്ചയിക്കേണ്ടതെങ്കിലും നഷ്ടപരിഹാരം നൽകാൻ കാലതാമസം നേരിട്ടാൽ പുതിയ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ തുക നിശ്ചയിക്കണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ബംഗളൂരുവിനെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന അടിസ്ഥാനസൗകര്യ വികസന ഇടനാഴി നിർമിക്കുന്നതിന് ആയിരക്കണക്കിന് ഏക്കർ ഭൂമി ഏറ്റെടുക്കാൻ 2003ൽ വിജ്ഞാപനം പുറപ്പെടുവിച്ച കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിനെതിരായ ഹർജി പരിഗണിക്കവെയാണു സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഭൂമിയുടെ പട്ടയം സംസ്ഥാന സർക്കാർ ഏറ്റെടുത്തെങ്കിലും ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുക നൽകിയില്ല.
2019 ൽ ഭൂമിയേറ്റെടുക്കൽ ഉദ്യോഗസ്ഥനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചതിനെത്തുടർന്ന് നഷ്ടപരിഹാരം നൽകി. എന്നാൽ 2003 ലെ ഭൂമിയുടെ നിരക്കിന്റെ അടിസ്ഥാനത്തിലാണു നഷ്ടപരിഹാരം നൽകിയത്. ഇതു നിലവിലെ ഭൂമിയുടെ വിപണിനിരക്കുമായി താരതമ്യം ചെയ്യുന്പോൾ വലിയ തോതിൽ കുറവാണ്.
തുടർന്ന് ഭരണഘടനാ അനുച്ഛേദം 142 പ്രകാരമുള്ള കോടതിയുടെ പ്രത്യേക അധികാരമുപയോഗിച്ച് 2019 ഏപ്രിലിൽ 22ൽ പ്രസ്തുത ഭൂമിയുടെ വിപണിമൂല്യം അനുസരിച്ച് നഷ്ടപരിഹാരത്തുക മാറ്റി നിശ്ചയിക്കാനും കോടതി നിർദേശിച്ചു. രണ്ടു മാസത്തിനകം ഇതു നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ഏകദേശം 22 വർഷമായി ഭൂവുടമകൾക്ക് നിയമാനുസൃതമായ അവരുടെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നും പഴയ വിപണിമൂല്യം അനുസരിച്ച് നഷ്ടപരിഹാരത്തുക കണക്കാക്കിയാൽ ഉടമകൾക്കു വലിയ നഷ്ടം നേരിടുമെന്നും കേസിൽ വിധി പറയവെ ജസ്റ്റീസ് ഗവായ് അഭിപ്രായപ്പെട്ടു.
അതിനാൽ ഭൂമി ഏറ്റെടുക്കുന്പോൾ നഷ്ടപരിഹാരത്തുക നിർണയവും വിതരണവും യഥാസമയം നടക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും മുൻവിധികളും സുപ്രീംകോടതി റദ്ദാക്കി.