നീറ്റ്-യുജി: വിദഗ്ധ സമിതി ശിപാർശ നടപ്പിലാക്കും; കേന്ദ്രം സുപ്രീംകോടതിയിൽ
Friday, January 3, 2025 2:32 AM IST
ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കുന്നതിനായും പരീക്ഷാ നടത്തിപ്പിലെ തെറ്റുകൾ തിരുത്തുന്നതിനുമായി ഏഴംഗ വിദഗ്ധ സമിതി മുന്നോട്ടുവച്ച ശിപാർശകൾ നടപ്പിലാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
നീറ്റ്-യുജി പരീക്ഷ സംഘടിപ്പിക്കുന്ന ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ)യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപീകരിച്ച സമിതിയുടെ ശിപാർശകളിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾ ഉടൻ നടപ്പിലാക്കുമെന്നും കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
നീറ്റ്-യുജി പരീക്ഷകളിൽ ക്രമക്കേടുണ്ടെന്ന ആരോപണം ഉയർന്നതിനെത്തുടർന്നാണ് പരീക്ഷാനടത്തിപ്പിൽ ശിപാർശകൾ നൽകുവാനും പരീക്ഷ സംഘടിപ്പിക്കുന്ന എൻടിഎയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുമായി മുൻ ഐഎസ്ആർഒ ചെയർമാൻ എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്തണം, അപേക്ഷിക്കാനുള്ള അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം, എൻടിഎയിൽ കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കണം തുടങ്ങിയ ശിപാർശകളാണു സമിതി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.