അക്രമങ്ങൾ: ജാഗ്രത വേണമെന്നു പ്രധാനമന്ത്രി
Tuesday, December 24, 2024 2:40 AM IST
ന്യൂഡല്‍ഹി: സമൂഹത്തിൽ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ വേദനയുളവാക്കുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതാനും ദിവസം മുന്‍പ് ജർമനിയിലെ ക്രിസ്മസ് മാർക്കറ്റിൽ നടന്ന ആക്രമണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഇത്തരം വെല്ലുവിളികൾക്കെതിരെ പോരാടാൻ ജനങ്ങൾ ഒന്നിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാരത കത്തോലിക്ക മെത്രാന് സമിതിയുടെ (സി ബി സി ഐ) ആസ്ഥാനത്ത് നടന്ന ക്രിസ്തുമസ് ആഘോഷത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യൻ പൗരൻമാർക്ക് എവിടെ പ്രതിസന്ധിയുണ്ടായാലും സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് പ്രഥമകടമയായി കരുതുന്നു. യുദ്ധത്തിൽ തകർന്ന അഫഗാനിസ്ഥാനിൽനിന്നു ഫാ. അലക്സിസ് പ്രേംകുമാറിനെ സുരക്ഷിതമായി തിരികെ കൊണ്ടുവന്നത് ഏറെ സംതൃപ്തി നൽകിയെന്നു പ്രധാനമന്ത്രി പറഞ്ഞു.
പത്തുവർഷംമുന്പ് യമനിൽ ബന്ദിയാക്കപ്പെട്ട ഫാ. ടോമിനെ രക്ഷിച്ചതും 2019ലെ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ പള്ളിയിലുണ്ടായ ബോംബാക്രമണത്തെത്തുടർന്ന് അവിടം സന്ദർശിച്ച കാര്യവും മോദി എടുത്തു പറഞ്ഞു.
എല്ലാ ക്രൈസ്തവ വിശ്വാസികള്‍ക്കും അദ്ദേഹം ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. യേശുക്രിസ്തുവിന്റെ പാഠങ്ങള്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നല്കുന്നു. ഇറ്റലിയില്‍ നടന്ന ജി 7 ഉച്ചകോടിക്കിടയില്‍ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച അവിസ്മരണീയമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഭാനേതാക്കള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ ജോര്‍ജ് കൂവക്കാട്ടിന് കര്‍ദിനാളായി സ്ഥാനക്കയറ്റം ലഭിച്ചത് രാജ്യത്തിന്റെ അഭിമാനനിമിഷമെന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
സിബിസിഐ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് ആഘോഷപരിപാടിയില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്നത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ആഘോഷത്തില്‍ സിബിസിെഎയുടെ സെക്രട്ടറി ജനറലും ഡല്‍ഹി ആര്‍ച്ച് ബിഷപ്പുമായ മാര്‍ അനില്‍ തോമസ് കൂട്ടോ സ്വാഗതം ആശംസിച്ചു.
സിബി സിഐ വൈസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ജോര്‍ജ് ആന്റണിസാമി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചു. ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ് അദ്ദേഹത്തിന് മെമന്റോ നല്കി ആദരിച്ചു.
ഇന്ത്യയില്‍നിന്നുള്ള കര്‍ദിനാൾമാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, മാര്‍ ജോര്‍ജ് ആലഞ്ചേരി, മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ ജോര്‍ജ് കൂവക്കാട്, ഡോ.ആന്റണി പൂള, സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്, വിവിധ സന്യാസ സഭ പ്രതിനിധികള്‍, ഇതര ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, മുന്‍ കേന്ദ്ര മന്ത്രിമാരായ രാജീവ് ചന്ദ്ര ശേഖര്‍, അല്‍ഫോൻസ് കണ്ണന്താനം, കേരളത്തിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, രാഷ്ട്ര ദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. ബെന്നി മുണ്ടനാട്ട്, ബിജെപി നേതാക്കളായ അനില്‍ ആന്റണി, ടോം വടക്കന്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. സിബിസി ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാത്യു കോയിക്കല്‍ ആഘോഷ പരിപാടികള്‍ക്കു നേതൃത്വംവഹിച്ചു.