മിസോകളുടെ യോജിപ്പിന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരേ മണിപ്പുർ മുഖ്യൻ
Friday, November 8, 2024 1:27 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ഇന്ത്യക്കു കീഴിൽ കുക്കി സോ സമുദായങ്ങളുടെ പുനരേകീകരണത്തെക്കുറിച്ചും ഭിന്നിച്ചുനിൽക്കുന്ന ക്രൈസ്തവ വിഭാഗങ്ങളുടെ യോജിപ്പിനെക്കുറിച്ചും മിസോറം മുഖ്യമന്ത്രി ലാൽദുഹോമ രണ്ടു മാസം മുന്പ് അമേരിക്കൻ പര്യടനത്തിനിടെ നടത്തിയ പ്രസ്താവനയ്ക്കെതിരേ മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ്.
മണിപ്പുരിന്റെയോ ഇന്ത്യയുടെയോ അഖണ്ഡതയെ വെല്ലുവിളിക്കുന്ന ആർക്കും ഉചിതമായ മറുപടി നൽകുമെന്ന് ബിജെപി നേതാവായ ബിരേൻ സിംഗ് ഇന്നലെ പ്രതികരിച്ചു.
എന്നാൽ, വിവാദത്തിന്റെ കാര്യമില്ലെന്നും ബലത്താലും ശക്തിയാലുമല്ല, ആത്മാവിനാൽ യോജിപ്പു വേണമെന്നാണു താൻ അമേരിക്കയിലെ പ്രവാസിസമൂഹത്തോടു പ്രസംഗിച്ചതെന്ന് ലാൽദുഹോമ വിശദീകരിച്ചു. പ്രസംഗത്തിന്റെ പൂർണരൂപം സംസ്ഥാന സർക്കാർതന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മിസോറം ഇൻഫർമേഷൻ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ സെപ്റ്റംബർ രണ്ടിന് മേരിലാൻഡിലും നാലിന് ഇന്ത്യാനാപോളിസിലുമാണ് മിസോറം മുഖ്യമന്ത്രി പ്രസംഗിച്ചത്. മിസോ ജനത യോജിച്ചുനിൽക്കണമെന്ന് മിസോ ദിനം ആഘോഷിക്കുന്ന ചടങ്ങിൽ പറഞ്ഞതിനെ വളച്ചൊടിച്ചു പ്രചരിപ്പിക്കുന്ന ചിലർ അനാവശ്യ വിവാദം കൊഴുപ്പിക്കുകയാണെന്ന് മിസോറം സർക്കാർ വിശദീകരിച്ചു.
എന്നാൽ, മണിപ്പുരിന്റെയും ഇന്ത്യയുടെയാകെയും അഖണ്ഡതയെ ചോദ്യം ചെയ്യുന്നതാണ് മിസോറം മുഖ്യമന്ത്രിയുടെ അമേരിക്കൻ പ്രസംഗമെന്ന് മെയ്തെയ്കളും ഹിന്ദുത്വ ഗ്രൂപ്പുകളും ആരോപിച്ചു.
മിസോറം മുഖ്യമന്ത്രിയുടെ പരാമർശത്തെ മണിപ്പുർ കോണ്ഗ്രസ് മുഖ്യ വക്താവ് ഹരേശ്വർ ഗോസ്വാമിയും വിമർശിച്ചു. ദേശീയ ഐക്യത്തിനു ഭീഷണിയാകുന്ന പരാമർശങ്ങൾ ഉയർത്തിയ വിഷയം പരിഹരിക്കാൻ അദ്ദേഹം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
“ഞങ്ങൾ ഒരു ജനതയാണ്. സഹോദരീസഹോദരന്മാരാണ്. പരസ്പരം വേർപിരിയാൻ കഴിയില്ല. നമ്മെ ഒരു ജനതയാക്കി മാറ്റിയ ദൈവത്തിന്റെ ശക്തിയിൽ നമുക്ക് ബോധ്യവും ആത്മവിശ്വാസവും ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ദേശീയതയുടെ ഭാഗധേയം കൈവരിക്കാൻ ഒരു നേതൃത്വത്തിനു കീഴിൽ ഒരുമിച്ച് എഴുന്നേൽക്കുക.
ഒരു രാജ്യത്തിന് അതിരുകൾ ഉണ്ടായിരിക്കുമെങ്കിലും ഒരു യഥാർഥ രാജ്യം അത്തരം പരിമിതികളെ മറികടക്കുന്നു. ഞങ്ങൾ അന്യായമായി വിഭജിക്കപ്പെട്ടിരിക്കുന്നു.
മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിലെ മൂന്നു വ്യത്യസ്ത സർക്കാരുകൾക്കു കീഴിൽ നിലനിൽക്കാൻ നിർബന്ധിതരായി. ഇത് അംഗീകരിക്കാൻ കഴിയില്ല.
ഞങ്ങൾ ഇപ്പോഴും ദേശങ്ങളിലൂടെ ബന്ധപ്പെട്ടിരിക്കുന്നു. നമുക്കിടയിൽ തിരുകിക്കയറാനും ഭിന്നിപ്പുണ്ടാക്കാനും നടിക്കുന്നവരില്ല എന്നതിൽ ഭാഗ്യവാന്മാരാണ്. ഇതു തീർച്ചയായും ദൈവത്തിന്റെ അനുഗ്രഹമാണ്. അതിനാൽ, നമ്മുടെ ജനങ്ങളുടെ ഐക്യം എന്ന ആശയത്തിലേക്ക് നിങ്ങളുടെ ഹൃദയങ്ങളെയും മനസിനെയും രൂപപ്പെടുത്താനും ഈ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നതു തുടരാനും അഭ്യർഥിക്കുന്നു.
ദൈവത്തിനു ധാരാളം ഉപകരണങ്ങളുണ്ട്. ഈ സന്ദർഭത്തിൽ, ബലത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാൽ എന്ന ബൈബിൾ വാക്യം നല്ല സമയത്തും ചീത്ത സമയത്തും നമ്മുടെ അഭയമായിരിക്കണം.
നമുക്കു നമ്മുടെ ദൈവത്തോട് ഇടവിടാതെ പ്രാർഥിക്കാം- എന്നായിരുന്നു മിസോറം മുഖ്യമന്ത്രി ലാൽദുഹോമ അമേരിക്കയിലെ കുക്കി, സോ സമുദായാംഗങ്ങളുടെ യോഗത്തിൽ പ്രസംഗിച്ചതെന്ന് മിസോറം സർക്കാർ പറ യുന്നു.