കണ്ണൂർ മോഡൽ; പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ ജയിലിൽ സന്ദർശിച്ച് പി. ജയരാജന്
സ്വന്തം ലേഖകൻ
Monday, January 6, 2025 5:15 AM IST
കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഴുവൻ പ്രതികളെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു. ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികളെയും പത്താം പ്രതിയെയുമാണു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഇന്നലെ വൈകുന്നേരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുവന്നത്.
കെ.വി. കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള അഞ്ചു പ്രതികളെ സിപിഎം നേതാവ് പി. ജയരാജൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തി സന്ദർശിച്ചു.
പ്രതികളുടെ അപേക്ഷ പരിഗണിച്ചാണു വിയ്യൂരിലെ അതീവസുരക്ഷാ ജയിലിൽനിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റാൻ കോടതി അനുമതി നല്‍കിയത്. ബന്ധുക്കൾക്കടക്കം വന്നു കാണാൻ കണ്ണൂരിലേക്കു മാറ്റണമെന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് വിചാരണക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണു പ്രതികളുടെ ജയിൽമാറ്റം.
പെരിയ ഇരട്ടക്കൊലക്കേസില്‍ പത്തു പ്രതികളെ ഇരട്ടജീവപര്യന്തത്തിനും സിപിഎം നേതാവും മുന്‍ ഉദുമ എംഎല്‍എയുമായ കെ.വി. കുഞ്ഞിരാമൻ, കെ. മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ.വി. ഭാസ്കരൻ എന്നിവരെ അഞ്ചു വര്‍ഷത്തെ തടവിനുമാണ് കൊച്ചി സിബിഐ പ്രത്യേക കോടതി കഴിഞ്ഞദിവസം ശിക്ഷിച്ചത്.
എ. പീതാംബരന്, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍കുമാര്‍, ഗിജിന്‍ കല്യോട്ട്, ആര്. ശ്രീരാഗ്, എ. അശ്വിന്, സുബീഷ് വെളുത്തോളി എന്നിവരാണ് ഇരട്ടജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍. ഇവര്‍ക്കു പുറമേ പത്താംപ്രതി ടി. രഞ്ജിത്തിനെയും 15-ാം പ്രതി എ.സുരേന്ദ്രനെയും കോടതി ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിച്ചിരുന്നു.ജയിലിലേക്കെത്തിയ പ്രതികളെ സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ സാന്നിധ്യത്തിൽ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അഭിവാദ്യം ചെയ്തു. ജയിൽ ഉപദേശകസമിതി അംഗം എന്ന നിലയിലാണ് ഇവിടെ എത്തിയതെന്നാണ് ജയരാജൻ പറഞ്ഞത്.