സ്കൂൾ കലോത്സവം: രണ്ടാംദിനം കണ്ണൂർ മുന്നിൽ
ജോണ്സണ് വേങ്ങത്തടം
Monday, January 6, 2025 5:04 AM IST
തിരുവനന്തപുരം: അനന്തപുരിയുടെ മണ്ണില്‍ തിമിര്‍ത്താടുകയാണ് കൗമാരപ്രതിഭകള്‍. രണ്ടാംദിനം വേദികളെ സജീവമാക്കി ആവേശക്കാഴ്ചകളൊരുക്കി തലസ്ഥാനം.
വേദികളും സദസും കളര്‍ഫുളായി മാറിയ കാഴ്ച. നൃത്തച്ചുവടുകളുമായി നര്‍ത്തകിമാര്‍ അരങ്ങു തകര്‍ത്ത ദിനം. ഹൈസ്കൂള്‍ വിഭാഗം ഒപ്പന, ഹയര്‍സെക്കൻഡറി വിഭാഗം തിരുവാതിര, ഹൈസ്കൂള്‍ വിഭാഗം പൂരക്കളി, ഹയര്‍സെക്കൻഡറി ആണ്‍കുട്ടികളുടെ കുച്ചിപ്പുടി ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ തുള്ളല്‍, ഹയര്‍സെക്കൻഡറി പെണ്‍കുട്ടികളുടെ മോഹിനിയാട്ടം, ഹൈസ്കൂള്‍ പെണ്‍കുട്ടികളുടെ നാടോടിനൃത്തം അടക്കം ഒന്നിന് പിറകെ ഒന്നായി ജനപ്രിയ മത്സരങ്ങളാണ് രണ്ടാം ദിനം വേദിയിലെത്തിയത്.
വൈവിധ്യമാര്‍ന്ന കലാരൂപങ്ങളില്‍ ആടിത്തിമിര്‍ക്കുകയായിരുന്നു കലാകാരന്മാര്. നിറഞ്ഞ സദസിലെ വാശിയേറിയ മത്സരത്തില്‍ ഓരോ മത്സരാര്ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കലോത്സവ വേദിയില്‍ ചരിത്രമെഴുതിക്കൊണ്ട് ഗോത്രകലയായ പണിയനൃത്തമത്സരം സദസിലെ നിശ്ചലമാക്കി. സാധാരണ ഒപ്പനയ്ക്കാണ് കാണികളുണ്ടാകാറുള്ളത്. എന്നാല്‍ വേദി മൂന്നില്‍ ടാഗോര്‍ തിയറ്ററിലെ നാടകമത്സരത്തില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ നാടകമത്സരമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
പുതുമ നിറഞ്ഞ പ്രമേയങ്ങളുമായി എത്തിയ നാടകം കാണാന്‍ ആളുകള്‍ തിക്കിത്തിരക്കുന്ന കാഴ്ചയാണുള്ളത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നാടക വേദികളില്‍. കാണികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് പണിയനൃത്തം നല്‍കിയത്.
അഞ്ച് പുതിയ തദ്ദേശീയ കലാരൂപങ്ങളാണ് കലോത്സവത്തില്‍ ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുള നൃത്തം, മലപ്പുലയ ആട്ടം, പളിയനൃത്തം, മംഗലം കളി തുടങ്ങി മറ്റ് കലാരൂപങ്ങളും കലോത്സവത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ തനത് കലാരൂപമാണ് പണിയനൃത്തം. ഇതു വട്ടക്കളി, കമ്പളക്കളി എന്ന പേരിലും അറിയപ്പെടുന്നു. വൃത്താകൃതിയില്‍ നിന്നുകൊണ്ട് ചുവടുവയ്ക്കുന്നതിനാലാണ് വട്ടക്കളി എന്ന പേര് വന്നത്. വേദികളിലെങ്ങും സ്വര്‍ണക്കപ്പിനായുള്ള ഇഞ്ചോടിഞ്ച് പോരാട്ടം.
വീറും വാശിയും മാസങ്ങളായുള്ള പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ആവേശകരമായ മത്സരങ്ങളാണ് വിദ്യാര്‍ഥികള്‍ കാഴ്ചവയ്ക്കുന്നത്്.
കണ്ണൂര്‍ ജില്ലയാണ് മുന്നില്‍ നില്‍ക്കുന്നത് ഒപ്പംതന്നെ ഒന്നിലേക്ക് എത്താന്‍ തൃശൂരും കോഴിക്കോടും പാലക്കാടുമുണ്ട്. ആരും വിട്ടുകൊടുക്കുന്നില്ല. ആര്‍ക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടാം.
വയനാടിന്റെ നോവ് സംഗീതമാക്കി അറബി പദ്യം ചൊല്ലല്‍
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം അറബി പദ്യം ചൊല്ലല്‍ വേദിയില്‍ നിറഞ്ഞുനിന്നത് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം. ചാലിയാര്‍ വേദിയില്‍ സംഘടിപ്പിച്ച ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ അറബി പദ്യം ചൊല്ലല്‍ മത്സരത്തില്‍ മിക്ക മത്സരാര്ഥികളും അവതരിപ്പിച്ചത് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ തീവ്രതയും ദുരന്തം ബാക്കിവച്ച തീരാനോവും. നാല് ക്ലസ്റ്ററുകളായി 14 മത്സരാര്‍ഥികള്‍ പങ്കെടുത്തു.
വയനാട് ദുരന്തത്തെ പ്രമേയമാക്കി മുഹിയുദ്ദീനുല് ഹിന്ദ് പ്രത്യേകമായി തയാറാക്കി ഈണം നല്കിയ പദ്യമാണ് വയനാട് ജില്ലയിലെ പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്. വിദ്യാര്‍ഥിനിയായ റെന ജെബി ചൊല്ലിയത്.
മലയാളിയുടെ ഒത്തൊരുമയും ദുരന്തബാധിതര്‍ക്കായുള്ള ഐക്യദാര്‍ഢ്യവും വിഷയമായ ഈ വര്‍ഷത്തെ അറബിക് പദ്യംചൊല്ലല്‍ കാണികള്‍ക്കു വേറിട്ട അനുഭവമാണു നല്‍കിയത്.
പങ്കെടുത്ത 14 വിദ്യാര്‍ഥികള്‍ക്കും എ ഗ്രേഡ് ലഭിച്ചെന്നുള്ളതും മത്സരത്തിന്റെ മറ്റൊരു പ്രത്യേകതയായി.
ഒറ്റയ്ക്കു വഴി വെട്ടി വന്നവരാ...
തിരുവനന്തപുരം: ആക്രി ചലഞ്ച് നടത്തി പണം സ്വരൂപിച്ച് കലാമേളയ്ക്കെത്തി തിരുവനന്തപുരം നെടുമങ്ങാട് പാലോട് നന്ദിയോട് എസ്.കെ.വി എച്ച്എസ്എസ്. മലയോര മേഖലയായ ഇവിടെ കൂടുതലും ട്രൈബല്‍ വിഭാഗത്തില്‍ പെട്ട കുട്ടികളും തോട്ടം തൊഴിലാളികളുടെ മക്കളുമാണ്.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ സ്കൂളിലെ കലാവിഭാഗത്തിന്റെ ചുമതലയുള്ള അധ്യാപകന് എം.എസ്. അനീഷിന്റെ മനസിലുദിച്ച ആശയമാണ് ആക്ര ചലഞ്ച്.
അവധിദിവസങ്ങളിലും പഠന ഇടവേളകളിലും കുട്ടികള്‍ വീടു വീടാന്തരം കയറിയിറങ്ങി ആക്രി ശേഖരിച്ചു. ഇത് വിറ്റ് 25000 രൂപയാണു സമ്പാദിച്ചത്. ഇതു കൂടാതെ സമ്മാന കൂപ്പണ്‍ വിറ്റ് 65000 രൂപയും സമ്പാദിച്ചു.
സ്കൂളിലെ 54 കുട്ടികളാണ് ഗ്രൂപ്പ് ഇനങ്ങള്‍ ഉള്‍പ്പെടെയുള്ള മത്സരയിനങ്ങളില്‍ മറ്റുരയ്ക്കുന്നത്. ഗോത്രകലയായ മംഗലം കളിയിലും പൂരക്കളിയിലും സ്കൂള്‍ എ ഗ്രേഡ് നേടുകയും ചെയതു. തിരുവനന്തപുരം ജില്ലാ കലോത്സവത്തില്‍ സ്കൂള്‍ ചാമ്പ്യന്മാരായിരുന്നു.
പരിക്ക് തോറ്റ തിരുവാതിര
തിരുവനന്തപുരം: പരിക്കിനെ തോല്‍പ്പിക്കുന്ന പ്രകടനങ്ങള്‍ അരങ്ങേറി ഹയര്‍ സെക്കന്‍ഡറി വിഭാഗം തിരുവാതിര കളിമത്സരം. രണ്ടാം വേദിയില്‍ നടന്ന മത്സരത്തിനെത്തിയ ചിലരുടെ കാല് ഉളുക്കിയതാണെങ്കില്, മറ്റു ചിലര്‍ക്ക് പനി, വേറെ ചിലര്‍ക്ക് നടുവ് വേദന. ഇങ്ങനെ നീളുന്നു മത്സരാർഥികളുടെ പരിക്കിനന്റെ കഥ. എന്നാല്‍ അരങ്ങിലെ പ്രകടനങ്ങള്‍ ഇവയെ എല്ലാം പിന്നിലാക്കുന്നതായിരുന്നു. മത്സരത്തിനിടെ ചാലക്കുടി കാര്‍മല്‍ എച്ച്എസ്എസിലെ മൈഥിലിയുടെ കാലിൽ ഉളുക്കിനു കെട്ടിയ ബാന്റേജ് അഴിഞ്ഞെങ്കിലും മനോധൈര്യം കൈവിടാതെ മൈഥിലികളിച്ചു കയറി.
മത്സരം അവസാനിച്ച് കള്ട്ടണ് വീഴപ്പോഴേക്കും ഇതേ ടീമിലെ സ്നേഹ തളര്‍ന്നുവീണു. ശ്വാസതടസം നേരിട്ടതായിരുന്നു കാരണം. കാഞ്ഞങ്ങാട് ദുര്‍ഗ എച്ച്എസ്എസിലെ നീര വേദിയിലെ പ്രകടനത്തിന് പിന്നാലെ നേരേ പോയത് ആശുപത്രിയിലേക്ക്,. കടുത്ത പനിയായിരുന്നിട്ടും ടീമിനായി തളര്‍ച്ച മാറ്റിവച്ചാണ് നീര അരങ്ങില്‍ ആടിയത്. മലപ്പുറം പൂക്കത്തറ ഡിഎച്ച്ഒ എച്ച്എസ്എസിലെ ഹരിപ്രിയയും കാലിലെ ഉളുക്ക് മറികടന്നാണ് സ്കൂളിനായി മത്സരിച്ചത്.
ടീച്ചറുടെ പാട്ട്, പിള്ളേരുടെ എ ഗ്രേഡ്
തിരുവനന്തപുരം: ടീച്ചറുടെ പാട്ടില്‍ പിള്ളേര് തിരുവാതിര കളിച്ച് നേടിയത് എ ഗ്രേഡ്. ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരത്തിലാണ് മലപ്പുറം പൂക്കറത്തറ ഡിഎച്ച്ഒ എച്ച്എസ്എസിന്റെ നേട്ടം. സ്കൂളിലെ സോഷ്യോളജി അധ്യാപിക പി.എം. ഗീതയാണ് പാട്ടെഴുത്തിനു പിന്നിലെ കലാകാരി. 2015 മുതല്‍ സ്കൂളിനായി തിരുവാതിരപ്പാട്ടൊരുക്കുന്ന ഇവര്‍ നാളിതുവരെ 60 ഓളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
സ്കൂള്‍ കാലഘട്ടത്തിലെ തിരുവാതിരകളിയാണ് ഈ രംഗത്തേക്ക് ഗീതയെ എത്തിച്ചത്. സ്കൂളിനായി പാട്ടൊരുക്കി എ ഗ്രേഡ് നേടിയതിന്റെ സന്തോഷം മാത്രമല്ല ഗീത ടീച്ചറിനുള്ളത്. ഇന്നലെ വേദിയിലെത്തിയ ഏതാനും ചില ടീമുകള്‍ പിന്നണി പാടിയ പാട്ടുകളും ടീച്ചറിന്റേതായിരുന്നു.