മുഖ്യമന്ത്രിപദവി: പുകഴ്ത്തൽകൊണ്ടു തീരുമാനമാകില്ലെന്ന് എം.കെ. മുനീര്‍
Monday, January 6, 2025 4:47 AM IST
കോഴിക്കോട്: പട്ടിക്കാട് ജാമിഅ സമ്മേളനത്തില്‍ പങ്കെടുത്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പ്രസംഗത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുകഴ്ത്തിയത് ചര്‍ച്ചയായിരിക്കേ, മുഖ്യമന്ത്രിപദവിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും ആരെയെങ്കിലും പുകഴ്ത്തിയതുകൊണ്ട് തീരുമാനത്തിലെത്തി എന്നു പറയാനാകില്ലെന്നും മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ എംഎല്‍എഎ.
ജാമി ആ നൂരിയയുടെ പരിപാടിയില്‍ പല നേതാക്കളെയും ക്ഷണിക്കാറുണ്ട്. മുഖ്യമന്ത്രിയെ മുസ്ലിം ലീഗ് നിശ്ചയിച്ചു നല്‍കാറില്ല. അങ്ങനെ ഒരു കീഴ്വഴക്കം ലീഗിനില്ല. തെരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷമുണ്ട്.
മുന്നണി വിപുലീകരണത്തിനു നിലവില്‍ ചര്‍ച്ച നടത്തിയിട്ടില്ല. അത് കൂട്ടായി എടുക്കേണ്ട തീരുമാനമാണ്. ഏതെങ്കിലും പാര്‍ട്ടിയുമായി ചര്‍ച്ച നടത്താന്‍ ചുമതലപ്പെടുത്തിയാല്‍ ലീഗ് അതു നിര്‍വഹിക്കും. ഒരുമിച്ചു ചായ കുടിക്കാന്‍ ഇരുന്നാലും നിഗൂഢ ചര്‍ച്ചകള്‍ നടന്നു എന്നാണു വാര്‍ത്തകള്‍ വരുന്നത്.
മുന്നണി വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ ലീഗിന് ഒറ്റയ്ക്കാകില്ല. മുന്നണി കൂട്ടായി ആലോചിക്കേണ്ട കാര്യമാണതെന്നും എം.കെ. മുനീര്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നുവെന്ന തരത്തില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ഉയരുന്നതിനിടെയാണ് അദ്ദേഹത്തെ പാണക്കാട് സാദിഖലി തങ്ങൾ പുകഴ്ത്തിയത് ചർച്ചയായത്.