പെരിയ ഇരട്ടക്കൊലപാതകം പത്തു പ്രതികൾക്ക് ഇരട്ട ജീവപര്യന്തം ; മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനുൾപ്പെടെ നാലു പേർക്ക് അ
Saturday, January 4, 2025 3:00 AM IST
കൊച്ചി: കേരള മനഃസാക്ഷിയെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ 14 പ്രതികൾക്കും തടവും പിഴയും. പത്തു പേർക്ക് ഇരട്ട ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ഉദുമ മുൻ എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമനുൾപ്പെടെ നാലു പ്രതികൾക്ക് അഞ്ചു വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കേസിലെ ഒന്നുമുതൽ എട്ടുവരെയും പത്തും പതിനഞ്ചും പ്രതികൾക്കാണ് ഇരട്ട ജീവപര്യന്തം. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി എൻ. ശേഷാദ്രിനാഥനാണു ശിക്ഷ വിധിച്ചത്.
ആക്രമണത്തിലും കൊലപാതകത്തിലും നേരിട്ടു പങ്കെടുത്ത ഒന്നുമുതൽ എട്ടുവരെ പ്രതികളായ എ. പീതാംബരൻ, സജി ജോർജ്, കെ.എം. സുരേഷ്, കെ. അനിൽകുമാർ, ജിജിൻ, ആർ. ശ്രീരാഗ്, എ. അശ്വിൻ, സുബീഷ് എന്നിവർക്കെതിരേ ഗുരുതര കുറ്റങ്ങൾ തെളിഞ്ഞിരുന്നു.
10-ാം പ്രതി ടി. രഞ്ജിത്, 15-ാം പ്രതി എ. സുരേന്ദ്രൻ എന്നിവർക്കെതിരേ കൊലപാതകത്തിലെ ഗൂഢാലോചനയ്ക്കും തെളിവുനശിപ്പിക്കലിനുമാണ് ശിക്ഷ. പത്തു പ്രതികൾക്കുള്ള ഇരട്ട ജീവപര്യന്തം തടവ് ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നു കോടതി പറഞ്ഞു.
രണ്ടാം പ്രതി സജിയെ പോലീസ് കസ്റ്റഡിയിൽനിന്നു ബലമായി മോചിപ്പിച്ചെന്ന കുറ്റമാണ് 14-ാം പ്രതി കെ. മണികണ്ഠൻ, 20-ാം പ്രതി കെ. വി. കുഞ്ഞിരാമൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി ഭാസ്കരൻ വെളുത്തോളി എന്നിവർക്കെതിരേ പ്രധാനമായുമുള്ളത്.
കുഞ്ഞിരാമനുൾപ്പെടെയുള്ള നാലു പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പത്തു പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും മാറ്റി.
ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബാംഗങ്ങൾ വിധി കേൾക്കാൻ കോടതിയിലെത്തിയിരുന്നു.
2019 ഫെബ്രുവരി 17നാണ് കൃപേഷും ശരത്ലാലും കൊല്ലപ്പെട്ടത്. ഇവരും പീതാംബരനും എ.സുരേന്ദ്രനും (വിഷ്ണു സുര) തമ്മിലുണ്ടായ സംഘട്ടനത്തിന്റെയും മുന്നാട് കോളജിലെ എസ്എഫ്ഐ-കെഎസ് യു സംഘർഷത്തിന്റെയും തുടർച്ചയായി പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തെന്നാണു പ്രോസിക്യൂഷൻ കേസ്.
പോലീസും തുടർന്ന് സിബിഐയും അന്വേഷിച്ച കേസിൽ ആകെ 24 പ്രതികളാണുണ്ടായിരുന്നത്. ഇതിൽ പത്തുപേരെ തെളിവില്ലെന്നു കണ്ട് കോടതി വെറുതേ വിട്ടിരുന്നു.