അംബാനിയുടെ കന്പനിയിൽ കെഎഫ്സിക്ക് കോടികളുടെ നഷ്ടം; മറുപടി പറയാതെ സർക്കാർ
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: അനിൽ അംബാനിയുടെ ആർസിഎഫ്എല്ലിൽ (റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്) സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള ഫിനാൻഷ്യൽ കോർപറേഷന് (കെഎഫ്സി) 100 കോടിയുടെ നഷ്ടം വരുത്തിയെന്ന ആരോപണത്തിനു നിയമസഭയിലും മറുപടി പറയാതെ സംസ്ഥാന സർക്കാർ. കഴിഞ്ഞ ആറു മാസമായി യുഡിഎഫ് എംഎൽഎമാരുടെ ചോദ്യങ്ങൾക്കു മറുപടി ഉണ്ടായിട്ടില്ല.
കഴിഞ്ഞ ജൂലൈ ഒന്നു മുതൽ കോണ്ഗ്രസിലെ പി.സി. വിഷ്ണുനാഥ്, ടി.ജെ. വിനോദ്, എം. വിൻസന്റ്, കെ. ബാബു, കെ.കെ. രമ, ഐ.സി. ബാലകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരുടെ ചോദ്യങ്ങൾക്കാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകാത്തത്.
കേരള ഫിനാൻഷ്യൽ കോർപറേഷന്റെ പ്രവർത്തനം വിലയിരുത്തിയിട്ടുണ്ടോ? ഈ സ്ഥാപനം അനിൽ അംബാനിയുടെ കന്പനിയിൽ പണം നിക്ഷേപിച്ചിട്ടുണ്ടോ? ഇതിലൂടെ എത്ര തുക നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിശദമാക്കാമോ? എത്ര തുക തിരികെ ലഭിച്ചുവെന്ന് വ്യക്തമാക്കാമോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് മറുപടി നൽകാത്തത്.
അനിൽ അംബാനിയുടെ മുങ്ങാൻ പോകുന്ന കന്പനിയിൽ, കെഎഫ്സി പണം നിക്ഷേപിച്ച് കോടികൾ നഷ്ടപ്പെടുത്തിയതു വൻ അഴിമതിയുടെ ഭാഗമാണെന്നു കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചതോടെയാണ് വിവാദത്തിനു വീണ്ടും ചൂടേറിയത്.
ചെറുകിട- ഇടത്തരം വ്യവസായ സംരംഭങ്ങൾക്കു വായ്പ നൽകുന്നതിനായാണ് കെഎഫ്സി രൂപീകരിച്ചത്. സംസ്ഥാനത്തെ എംഎസ്എംഇ അടക്കമുള്ള വ്യവസായങ്ങൾക്ക് വായ്പ നൽകാൻ രൂപീകരിച്ച സ്ഥാപനം 2018 ഏപ്രിലിലാണ് അനിൽ അംബാനിയുടെ കന്പനിയിൽ 60.80 കോടി രൂപ നിക്ഷേപിച്ചത്. ഇതിനു മുൻപു നടന്ന കെഎഫ്സി അസറ്റ് ലയബിലിറ്റി മാനേജിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് പണം നിക്ഷേപിച്ചതെന്നാണ് രേഖകൾ.
അനിൽ അംബാനിയുടെ കന്പനികൾ തകർന്നുകൊണ്ടിരിക്കുന്ന കാലത്താണ് പണം നിക്ഷേപിച്ചത്. 2015 മുതൽ മുങ്ങിക്കൊണ്ടിരിക്കുന്ന കന്പനിയിൽ സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎഫ്സി 60.80 കോടി നിക്ഷേപിച്ചതിനു പിന്നിൽ കമ്മീഷൻ ലക്ഷ്യമിട്ടുള്ള അഴിമതിയാണെന്നാണ് ആരോപണം. ഇതുവഴി കേരളത്തിന് നഷ്ടമായത് 101 കോടി രൂപയാണ്.
2018-19, 19-20ലെ കെഎഫ്സി വാർഷിക റിപ്പോർട്ടിൽ കന്പനിയുടെ പേര് മറച്ചുവച്ചു. 2020-21 ലെ റിപ്പോർട്ടിലാണ് ആർസിഎഫ്എല്ലിന്റെ പേരു വരുന്നത്. പക്ഷേ 2019ൽ ആർസിഎഫ്എൽ ലിക്വിഡേറ്റ് ചെയ്യപ്പെട്ടിരുന്നു. ലിക്വിഡേഷന്റെ ഭാഗമായി 7.9 കോടി രൂപ കിട്ടിയെന്നും 2020-21 ലെ വാർഷിക റിപ്പോർട്ടിലുണ്ട്. 60.80 കോടി നിക്ഷേപത്തിന് പലിശ ഉൾപ്പെടെ 109 കോടി കിട്ടേണ്ട സ്ഥാനത്താണ് 7.9 കോടി രൂപ കിട്ടിയെന്നു പറയുന്നത്. ഇതിലൂടെ 101 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായത്.
സംസ്ഥാനത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കു ലഭിക്കേണ്ട പണം മുങ്ങാൻ പോകുന്ന കന്പനിയിൽ നിക്ഷേപിച്ചതിലൂടെ ഗുരുതരമായ കുറ്റവും അഴിമതിയുമാണ് നടന്നത്. വൻ തുക കമ്മീഷനായി വാങ്ങി ഭരണ നേതൃത്വത്തിന്റെ അറിവോടെയാണ് ലിക്വിഡേറ്റ് ആകാൻ പോകുന്ന സ്ഥാപനത്തിൽ നിക്ഷേപം നടത്തിയതെന്നും ആരോപണം ഉയരുന്നു.