സ്വർണക്കപ്പെത്തി, മന്ത്രി ഏറ്റുവാങ്ങി
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി.
മന്ത്രി ജി. ആർ. അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി. സ്റ്റീഫൻ, വി .ജോയ്, വി. കെ. പ്രശാന്ത്, ഐ. ബി. സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി. കെ. രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
കാസർഗോഡു നിന്ന് ആരംഭിച്ച സ്വർണക്ക്പ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം ഏഴോടെ നിയമസഭയ്ക്ക് മുന്നിലെത്തി.
പിഎംജി ജംഗ്ഷനിൽ നിന്നും വിദ്യാർഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി നൂറുകണക്കിനുപേർ ഘോഷയാത്രയിൽ പങ്കെടുത്തു.
117 പവൻ സ്വർണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമിച്ചിരിക്കുന്നത്.