ആരോഗ്യ വകുപ്പ് കണ്ട്രോൾ റൂം ആരംഭിച്ചു
Saturday, January 4, 2025 2:59 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കി ആരോഗ്യ വകുപ്പ്.
കലോത്സവം പൂർണമാകുന്നത് വരെ അടിയന്തര ഘട്ടത്തിൽ വൈദ്യസഹായം നൽകുന്നതിലേക്കായി പ്രധാന വേദികളിൽ മെഡിക്കൽ സംഘത്തേയും എല്ലാ വേദികളിലും ഫസ്റ്റ് എയ്ഡ് ടീമിനേയും കനിവ് 108 ഉൾപ്പെടെയുള്ള ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട് .
ഡോക്ടർ, നഴ്സിംഗ് ഓഫീസർ, നഴ്സിംഗ് അസിസ്റ്റന്റ്/ ആശുപത്രി അറ്റൻഡന്റ് ഗ്രേഡ്-ഒന്ന് എന്നിവർ മെഡിക്കൽ ടീമിൽ ഉണ്ടാകും. ഫസ്റ്റ് എയ്ഡ് ടീമിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ, ആശാ വർക്കർ എന്നിവരുണ്ടാകും. എന്തെങ്കിലും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടേണ്ടതാണ്.
സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിൽ ആരോഗ്യ വകുപ്പിന്റെ കണ്ട്രോൾ റൂം ആരംഭിച്ചു.
അടിയന്തര ഘട്ടത്തിൽ 9072055900 എന്ന നന്പരിൽ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാം. വേദികളിലെ വൈദ്യസഹായം, ആംബുലൻസ്, ജീവനക്കാർ എന്നിവരെ ഏകോപിപ്പിക്കുന്നത് ഈ കണ്ട്രോൾ റൂമായിരിക്കും.
തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി, പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രി എന്നിവിടങ്ങളിൽ 10 കിടക്കകൾ വീതം പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ മെഡിക്കൽ കോളജിലും ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയിട്ടുണ്ട്.
വേദികളിലും കുട്ടികൾ താമസിക്കുന്നയിടങ്ങളിലും പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കോർപറേഷന്റെ ടീമിനെ കൂടാതെ ആരോഗ്യ വകുപ്പിന്റെ ഹെൽത്ത് ഇൻസ്പെക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്. അവബോധവും ശക്തമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.