ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു
Saturday, January 4, 2025 1:48 AM IST
വടക്കഞ്ചേരി: ദേശീയപാതയിൽ ചുവട്ടുപാടത്തിന് സമീപം ലോറിക്കു പിന്നിൽ ബൈക്കിടിച്ച് രണ്ടു പേർ മരിച്ചു.കോട്ടയം പാമ്പാടി പൂരപ്ര പുളിയുറുമ്പിൽ സനൽ (25), കൂടെ സഞ്ചരിച്ച യുവതി കോട്ടയം ചങ്ങനാശേരി പെരുമ്പനച്ചി വെള്ളിപറമ്പിൽ ഇവിയോൺ (25) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒന്നോടെ വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാത ചുവട്ടുപാടത്തിന് സമീപമായിരുന്നു അപകടം.
ബംഗളൂരുവിൽ വീഡിയോ എഡിറ്ററായ സനൽ സുഹൃത്ത് ഇവിയോണുമൊത്ത് ബംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മുന്നിൽ പോകു കയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോൾ നിയന്ത്രണം തെറ്റിയ ബൈക്ക് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു.
ഉടൻ ഇരുവരെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇവിയോണും മരിച്ചു. വടക്കഞ്ചേരി പോലീസ് കേസെടുത്തു. സനലിന്റെ അച്ഛൻ: സജി. അമ്മ: ഷൈല. സഹോദരങ്ങൾ: സംഗീത, സനു. ഇവിയോണിന്റെ അച്ഛൻ: ഫ്രാൻസിസ്.