വയനാട് പുനരധിവാസത്തിൽ ആശങ്ക, അതൃപ്തി
Friday, January 3, 2025 2:34 AM IST
ടി.എം. ജയിംസ്
കൽപ്പറ്റ: പുനരധിവാസവുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യാപനങ്ങളിൽ ദുരിതബാധിതർക്ക് കടുത്ത അതൃപ്തി. വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരിതബാധിതർ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു.
കൽപ്പറ്റ നഗരത്തിനു സമീപം എൽസ്റ്റോൺ എസ്റ്റേറ്റ് ഭൂമിയിൽ സജ്ജമാക്കുന്ന ടൗണ്‍ഷിപ്പിൽ അഞ്ച് സെന്റിനു പകരം പത്ത് സെന്റും ടൗണ്ഷിപ്പുകൾക്കു പുറത്ത് താമസം ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 40 ലക്ഷം രൂപ വീതവും അനുവദിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
പുഞ്ചിരിമട്ടം ദുരന്തബാധിതരുടെ പുനരധിവാസത്തിന് രണ്ട് ടൗണ്‍ഷിപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. മേപ്പാടി നെടുന്പാലയിൽ ഹാരിസണ്‍സ് മലയാളം കന്പനിയിൽനിന്ന് ഏറ്റെടുക്കുന്ന 48.96 ഹെക്ടറിലാണ് ഇതിലൊന്ന്. എൽസ്റ്റോൺ എസ്റ്റേറ്റ് ഭൂമിയിൽ 58.50 ഹെക്ടറാണ് ടൗണ്‍ഷിപ്പിന് പ്രയോജനപ്പെടുത്തുന്നത്. ഓരോ ടൗണ്‍ഷിപ്പിലും എത്ര വീതം വീടുകൾ നിർമിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നെടുന്പാല ടൗണ്‍ഷിപ്പിൽ 10 സെന്റ് വീതം അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ദുരന്തബാധിതർക്ക് അതൃപ്തിയില്ല.
എൽസ്റ്റോൺ എസ്റ്റേറ്റ് ടൗണ്‍ഷിപ്പിൽ അഞ്ച് സെന്റ് വീതം നൽകുന്നതിലാണ് വിയോജിപ്പ്. അഞ്ച് സെന്റ് ഭൂമിയിൽ കെട്ടിട നിർമാണച്ചട്ടം പാലിച്ച് മുന്നിലും പിന്നിലും ഇടതു, വലതു വശങ്ങളിലും ഇടം വിട്ടാണ് 1,000 ചതുരശ്ര അടിയിൽ വീട് നിർമിക്കുക. ഇവിടെ താമസം വീർപ്പുമുട്ടൽ ഉളവാക്കുന്നതാകുമെന്ന് ദുരന്തബാധിതർ പറയുന്നു.
ടൗണ്‍ഷിപ്പുകളിൽ ആരാധനാലയങ്ങൾ, വിനോദ സൗകര്യങ്ങൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം തുടങ്ങിയവയും വിഭാവനം ചെയ്തിട്ടുണ്ട്.
കൽപ്പറ്റയിലെ ടൗൺഷിപ്പ് നഗരത്തിനു സമീപമായതിനാൽ ആരാധനാലയങ്ങൾ, മാർക്കറ്റ്, വിദ്യാലയം, വലിയ കളിസ്ഥലം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ആവശ്യമില്ലെന്ന് ദുരന്തബാധിതരുടെ കൂട്ടായ്മകളിൽ ഒന്നായ ജനകീയ ആക്ഷൻ കമ്മിറ്റിയുടെ കണ്‍വീനർ ജെ.എം.ജെ. മനോജ് ചൂണ്ടിക്കാട്ടുന്നു. ഇതിന് ഉപയോഗപ്പെടുത്തേണ്ട ഭൂമി കുടുംബങ്ങൾക്ക് തുല്യമായി വീതിച്ചുനൽകണമെന്നു അദ്ദേഹം നിർദേശിച്ചു.
എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പിൽ വീടുകൾക്കും കുടിവെള്ളം, വൈദ്യുതി ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾക്കും പുറമേ പ്രാഥമികാരോഗ്യകേന്ദ്രം, അങ്കണവാടി, റേഷൻ കട, കുട്ടികളുടെ കളിസ്ഥലം തുടങ്ങിയവ മതിയാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ടൗണ്ഷിപ്പുകൾക്കു പുറത്ത് കണ്ടെത്തുന്ന ഭൂമി വാങ്ങി വീട് നിർമിച്ച് താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾ ദുരന്തബാധിതർക്കിടയിൽ നിരവധിയാണ്. 15 ലക്ഷം രൂപ വീതം അനുവദിക്കുന്നത് ഇവരെ സംബന്ധിച്ചിടത്തോളം പുനരധിവാസത്തിന് പര്യാപ്തമല്ലെന്ന് ചൂരൽമല ജനശബ്ദം ആക്ഷൻ കമ്മിറ്റി കണ്‍വീനർ ഷാജിമോൻ ചൂരൽമല പറഞ്ഞു. വാസയോഗ്യമായ 10 സെന്റ് വാങ്ങി ഭവനനിർമാണം നടത്തുന്നതിന് 40 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തബാധിത കുടുംബങ്ങൾക്ക് പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായിരുന്ന ഭൂമിയിലെ ഉടമസ്ഥാവകാശം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. ഇതിൽ വ്യക്തത വരുത്തണം. ഉരുൾവെള്ളം ഒഴുകിയ പ്രദേശത്ത് സ്വന്തം ഭൂമി എവിടെയെന്നു കൃത്യമായി അടയാളപ്പെടുത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇന്നലെ ജില്ലയിൽ ഉണ്ടായിരുന്ന റവന്യു മന്ത്രി കെ. രാജനെ ദുരന്തബാധിതരുടെ പ്രതിനിധികൾ ആശങ്കകൾ അറിയിച്ചു.
വിലങ്ങാട്ടെ ദുരിതബാധിതർക്കുള്ള സഹായവുമായി ബന്ധപ്പെട്ട് യാതൊരുതലത്തിലുമുള്ള അറിയിപ്പും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് വിലങ്ങാട് ജനകീയ കൂട്ടായ്മ കൺവീനർ ജ്യോതിഷ് കുളത്തിങ്കൽ പറഞ്ഞു.
സ്ഥലം ഏറ്റെടുത്ത് നൽകിയശേഷം 15 ലക്ഷം നൽകുകയാണോ അതോ സ്ഥലം വാങ്ങാനും വീടു വയ്ക്കാനുംകൂടി 15 ലക്ഷം എന്നതാണോ സർക്കാർ പറയുന്നത് എന്നറിയില്ല. വില്ലേജ് ഓഫീസറോട് ചോദിച്ചാൽ പോലും ഒന്നും അറിയില്ലെന്നാണ് പറയുന്നത്.
ജില്ലാ കളക്ടർ വിളിച്ചു ചേർക്കുമെന്നറിയിച്ച യോഗം പോലും മൂന്നു തവണയാണ് മാറ്റിയത്. തീരുമാനം എങ്ങനെയാണ് സർക്കാർ നടപ്പിലാക്കാൻ ഉദേശിക്കുന്നത് എന്നറിഞ്ഞ ശേഷം തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.