കവൻട്രി: യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയണൽ കലാമേള സമാപിച്ചു. ലെസ്റ്റർ (എൽകെസി) അസോസിയേഷൻ 191 പോയിന്റോടെ ഒന്നാം സ്ഥാനവും വാൽമ (വാർവിക് & ലെമിംഗ്ടൺ) അസോസിയേഷൻ രണ്ടാം സ്ഥാനവും 73 പോയിന്റോടെ കവൻട്രി (സികെസി) അസോസിയേഷൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കലാതിലകമായി വാർവിക് ആൻഡ് ലെമിംഗ്ടൺ അസോസിയേഷന്റെ (വാൽമ) അദ്വൈത പ്രശാന്തനും കലാപ്രതിഭയായി ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയുടെ കലേഷ് ടി. രമണിയും പുരസ്കാരങ്ങൾ കരസ്ഥമാക്കി. കവൻട്രിയിൽ നടന്ന കലാമേളയിൽ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുകുളങ്ങര നേതൃത്വം വഹിച്ചു.
കവൻട്രി കേരള കമ്യൂണിറ്റി ആതിഥേയത്വം വഹിച്ച കലാമേള യുക്മ നാഷണൽ സെക്രട്ടറി ജയകുമാർ നായർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നാഷനൽ വൈസ് പ്രസിഡന്റും കലാമേള കോഓർഡിനേറ്ററുമായ വർഗീസ് ഡാനിയേൽ, നാഷനൽ വൈസ് പ്രസിഡന്റ് സ്മിത തോട്ടം, നാഷണൽ ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, ദേശീയ നിർവാഹക സമിതി അംഗം ജോർജ് തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
റീജിയണൽ സെക്രട്ടറി ലൂയിസ് മേനാച്ചേരി സ്വാഗതവും ട്രഷറർ പോൾ ജോസഫ് നന്ദിയും പറഞ്ഞു. കിഡ്സ് വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള രേവതി അജീഷ്, സബ്ജൂണിയർ വിഭാഗത്തിൽ വാൽമ (വാർവിക് & ലെമിംഗ്ടൺ) അസോസിയേഷനിൽ നിന്നുള്ള അമേയ കൃഷ്ണ നിധീഷ്, ജൂണിയർ വിഭാഗത്തിൽ ഇതേ അസോസിയേഷനിൽ നിന്നുള്ള അദ്വൈത പ്രശാന്ത് എന്നിവർ വ്യക്തിഗത വിഭാഗത്തിൽ ചാമ്പ്യന്മാരാകുകയും സീനിയർ വിഭാഗത്തിൽ ലെസ്റ്റർ കേരള കമ്യൂണിറ്റിയിൽ നിന്നുള്ള അഞ്ജന രമ്യയും കവൻട്രി കേരള കമ്യൂണിറ്റിയിൽ നിന്നുള്ള ഐശ്വര്യ വിനു നായരും വ്യക്തിഗത ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ നാഷണൽ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ സമ്മാനദാനം നിർവഹിച്ചു. ഏകദേശം 26 അസോസിയേഷനിൽ നിന്നായി എണ്ണൂറോളം മത്സരാർഥികളും 1500-ൽ അധികം കാണികളും കലാമേളയിൽ പങ്കാളികളായി.
Tags : ukma kalamela