ഡബ്ലിൻ: കത്തോലിക്ക രാജ്യമായ അയർലൻഡിൽ വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ കൗമാരക്കാരായ പെൺകുട്ടികൾ അടങ്ങുന്ന സംഘത്തിന്റെ ശ്രമം. കോർക്ക് വിൽട്ടൻ സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം മലയാളി വൈദികൻ ഫാ. ജിൽസൺ കോക്കണ്ടത്തിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെയാണ് സംഭവം.
സീറോമലബാർ സഭ വിശ്വാസികളായ 750ഓളം പേർ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കിടെയായിരുന്നു അതിക്രമം. പ്രധാന കവാടത്തിലൂടെ എത്തിയ പെൺകുട്ടികളുടെ ആറംഗ സംഘവും ഭിന്നശേഷിക്കാരനായി അഭിനയിച്ച് പള്ളിയുടെ വലതുഭാഗത്തുകൂടിയെത്തിയ യുവാവും ചേർന്നാണ് വിശുദ്ധ കുർബാന അലങ്കോലപ്പെടുത്താൻ ശ്രമിച്ചത്. ഇവർ അറബ് വംശജരാണെന്നാണു വിശ്വാസികൾ സംശയിക്കുന്നത്.
രണ്ട് ക്രച്ചസുമായാണ് ഭിന്നശേഷിക്കാരനായി അഭിനയിച്ച യുവാവ് പള്ളിക്കകത്തേക്ക് പ്രവേശിച്ചത്. ഇയാൾ വാതിലിന് സമീപത്ത് വച്ചിരുന്ന ഹനാൻവെള്ളം തെറിപ്പിക്കുകയും അശുദ്ധമാക്കുകയും ചെയ്തു. ഇതേസമയം പ്രധാന കവാടത്തിലൂടെ കയറിവന്ന പെൺകുട്ടികൾ അവരുടെ മതവാക്യങ്ങൾ കുർബാന തടസപ്പെടുത്തുന്ന രീതിയിൽ നിരന്തരം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
ഇതോടൊപ്പം ദേവാലയത്തിലുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ പാട്ട് വച്ചതായും വിശ്വാസികൾ പറയുന്നു.സംഘത്തിൽ ഉണ്ടായിരുന്ന പ്രായം കുറഞ്ഞ പെൺകുട്ടി സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.
പള്ളിയിലുണ്ടായിരുന്നവർ ഇവരെ ദേവാലയത്തിൽനിന്നു പുറത്താക്കി. വിശ്വാസികൾ പിന്നാലെ ചെന്നപ്പോൾ ഭിന്നശേഷിക്കാരനായി അഭിനയിച്ചെത്തിയയാൾ ക്രച്ചസ് മാറ്റി മതിൽ ചാടി ഓടി രക്ഷപ്പെട്ടു.
Tags : St Joseph's Church Wilton