സിഡ്നി: മതേതരത്വത്തിന്റെയും ബഹുസ്വരതയുടെയും നിലപാടുകൾ ഉറപ്പാക്കുന്നതോടൊപ്പം പുരോഗമനപരമായ ആശയങ്ങൾക്ക് പ്രാമുഖ്യം നൽകാൻ ഏവരും യത്നിക്കണമെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി പ്രഫ. കെ.ടി. ജലീൽ.
സിഡ്നിയിൽ നടന്ന നവോദയ ഓസ്ട്രേലിയയുടെ നാലാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ സ്കൂളുകളുൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്താലത് സമൂഹത്തിനാകെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രവാസി സമൂഹത്തെ ഓർമിപ്പിച്ചു.
കുടുംബത്തിലെ നൈർമല്യവും കറപുരളാത്ത നിലപാടുകളും അതേപടി സമൂഹത്തിൽ പകർന്നു നൽകുമ്പോൾ ഉന്നത മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന സമൂഹം രൂപപ്പെടുമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ചലച്ചിത്ര നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു.
അതുകൊണ്ടുതന്നെ മാതൃകാ സാമൂഹ്യ സൃഷ്ടിയുടെ കാര്യത്തിൽ ഏവർക്കും ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, സജീവ് കുമാർ പ്രസിഡന്റും ജി. രാഹുൽ സെക്രട്ടറിയുമായ സെൻട്രൽ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.
പൊതുസമ്മേളനത്തെ തുടർന്ന് സന്തോഷ് കീഴാറ്റൂരിന്റെ "പെൺ നടൻ' നാടകവും നവോദയ അഭിനയ പന്തൽ അവതരിപ്പിച്ച ജയപ്രകാശ് കുളൂരിന്റെ "ഓൻ അങ്ങനെ പറഞ്ഞോ?' നാടകവും നവോദയ മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗാനമേളയും സഹൃദയർക്ക് നവ്യാനുഭവമായി.
നവോദയ ദേശീയതലത്തിൽ നടത്തിയ സാഹിത്യ, ചിത്രരചനാ വിജയികൾക്കുള്ള സമ്മാനദാനം പാർലമെന്റ് അംഗം ടീന അയ്യാടും പ്രഫ. കെ.ടി. ജലീലും നിർവഹിച്ചു.
Tags : K. T. Jaleel Navodaya Australia Sydney