പീറ്റർബറോ: പ്രവാസി മലയാളികളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിക്കൊണ്ട് ഐഒസി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെകേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിലും പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലും എറണാകുളം ജില്ലയിലെ പറവൂരിൽ ഭവനരഹിത കുടുംബത്തിനായി ആരംഭിച്ച സ്നേഹ വീടിന്റെ നിർമാണം പുരോഗമിക്കുന്നു.
എറണാകുളം ജില്ലയിലെ പറവൂർ വടക്കേക്കര പഞ്ചായത്തിൽ നിർമിക്കുന്ന ഈ വീടിന്റെ തറക്കല്ലിടീൽ കർമം ഓഗസ്റ്റ് 19ന് നടന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തറക്കല്ലിടീൽ നിർവഹിച്ച ചടങ്ങിൽ ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, കെപിസിസി ജനറൽ സെക്രട്ടറി ഫിൽസൺ മാത്യൂസ് എന്നിവർ പങ്കെടുത്തു.
പ്രതിപക്ഷ നേതാവിന്റെ പുനർജ്ജനി ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന ഈ വീടിനായുള്ള പണം ഐഒസി യുകെ കേരള ചാപ്റ്റർ പീറ്റർബറോ യൂണിറ്റിന്റെ നേതൃത്വത്തിലാണ് സ്വരൂപിക്കുന്നത്.
യൂണിറ്റ് ഭാരവാഹികളുടെ വരുമാനത്തിൽ നിന്നും മിച്ചം പിടിച്ചും സുമനസ്സുകളുടെ പിന്തുണ തേടിയും "ഫുഡ് ചലഞ്ച്' പോലുള്ള പദ്ധതികളിലൂടെയുമാണ് ധനസമാഹരണം നടത്തുന്നത്. പറവൂരിലെ ഭവനരഹിതരായ കുട്ടികളടക്കമുള്ള ഒരു കുടുംബത്തിന് അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ് ഈ ശ്രമം.
ഭവന നിർമാണ പദ്ധതിക്കായുള്ള ധനസമാഹരണത്തിന്റെ ഭാഗമായി ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ച് വലിയ വിജയമായിരുന്നു. രണ്ട് ദിവസം കൊണ്ട് മുന്നൂറോളം പാക്കറ്റ് ബിരിയാണി ഓർഡറുകൾ ലഭിക്കുകയും ഏകദേശം ഒരു ലക്ഷത്തോളം രൂപ നീക്കിയിരിപ്പ് തുകയായി സ്വരൂപിക്കാൻ സാധിച്ചതായും സംഘാടകർ അറിയിച്ചു.
ഐഒസി യുകെ പീറ്റർബറോ യൂണിറ്റ് പ്രസിഡന്റ് റോയ് ജോസഫ്, ജനറൽ സെക്രട്ടറി സൈമൺ ചെറിയാൻ, വൈസ് പ്രസിഡന്റ് ജിജി ഡെന്നി, ജോയിന്റ് സെക്രട്ടറിമാരായ സിബി അറക്കൽ, ഡിനു എബ്രഹാം, ട്രഷറർ ജെനു എബ്രഹാം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോബി മാത്യു, അനുജ് മാത്യു തോമസ്, സണ്ണി എബ്രഹാം തുടങ്ങിയവരാണ് ബിരിയാണി ചലഞ്ചിന് നേതൃത്വം നൽകിയത്.
എബ്രഹാം ജോസഫ് (ഷിജു), രാജീവ് യോഹന്നാൻ, ഡെന്നി ജേക്കബ് എന്നിവർ പാചക മേൽനോട്ടം വഹിച്ചു. ഇനിയും കൂടുതൽ വീടുകൾ ഈ പദ്ധതിയിലൂടെ നൽകാൻ ലക്ഷ്യമിടുന്നതായും കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയും അതിന്റെ ഭാഗമായ യൂണിറ്റ് / റീജനുകളും ഇത്തരം പദ്ധതികളുടെ മുൻപന്തിയിൽ ഉണ്ടാകുമെന്നും കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു.
Tags : IOC UK Biriyani Challenge