ഗ്ലാസ്ഗോ: ജപ്പാനിൽ കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തിൽ ഒന്നാം സ്ഥാനവും, സ്വർണമെഡലും, മെറിറ്റ് സർട്ടിഫിക്കറ്റും കരസ്ഥമാക്കിക്കൊണ്ട് മലയാളികൾക്കും വീണ്ടും അഭിമാനം പകരുന്ന വിജയവുമായി യുകെയിലെ ടോം ജേക്കബ്. ജപ്പാനിൽ ചിബാകെനിലെ, മിനാമിബോസോ സിറ്റിയിൽ നടന്ന ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഏറ്റവും പ്രഗത്ഭരായ കരാട്ടെ മത്സരാർഥികൾക്കൊപ്പം രണ്ടു ദിവസം നീണ്ട പോരാട്ടത്തിലാണ് ടോം ജേക്കബ് ചാമ്പ്യൻ പട്ടം നിലനിറുത്തിയത്
മാർഷ്യൽ ആർട്സിൽ ഏറ്റവും ഉയർന്ന റാങ്കായ, എട്ടാം ഡാൻ നേടിയ ടോം കരാട്ടെ ഗ്രാൻഡ് മാസ്റ്റർ റാങ്കുള്ള വ്യക്തിയാണ്. കരാട്ടേയിലെ പരിചയം, ജ്ഞാനം, കഴിവ്, നിരവധി വ്യക്തിഗത മാനദണ്ഡങ്ങൾ കണക്കിൽ എടുത്താണ് 8 ഡാൻ ബ്ലാക്ക് ബെൽറ്റ് ടെസ്റ്റിനു യോഗ്യതയും, തുടർന്നുള്ള ടെസ്റ്റിന് ശേഷമാണ് റാങ്കിംഗും പരിഗണിക്കുന്നത്.

കരാട്ടെ ആയോധന കലയിലെ ഏറ്റവും ഉയർന്ന ’ഹാൻഷി’ സീനിയർ മാസ്റ്റർ തിലകം (മോഡൽ മാസ്റ്റർ ഓഫ് മാസ്റ്റേഴ്സ്) കരസ്ഥമാക്കിക്കൊണ്ടാണ് ടോം ജപ്പാനിൽ നിന്നും, ഗ്ലാസ്ഗോയിലേക്കു മടങ്ങുന്നത്. ഷോട്ടോകാൻ കരാട്ടെ ആഗോള ചെയർമാനായ ഗ്രാൻഡ് മാസ്റ്റർ കെൻജി നുമ്രയുടെ ( 10th ഡാൻ റഡ്ബെൽറ്റ്) കൈകളിൽ നിന്നും ഈ അംഗീകാരം ഏറ്റുവാങ്ങുവാൻ കഴിഞ്ഞത് വലിയ സ്വപ്ന സാക്ഷാൽക്കരമായി എന്ന് ടോം അഭിമാനപൂർവം പറഞ്ഞു. ’ഹാൻഷി’ അംഗീകാരം നേടിയ ടോമിന്, കരാട്ടെയിലെ ഏറ്റവും ഉയർന്ന റാങ്കായ റെഡ് ബെൽറ്റ് ധരിച്ചു കൊണ്ട് പരിശീലനം നൽകുവാനും കഴിയും.
അടിപതറാത്ത ചുവടുമായി ആയോധനകലയിൽ അജയ്യനായി തുടരുന്ന ’ഹാൻഷി’ ടോം ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് സ്വദേശിയാണ്. പുരാതനവും പ്രശസ്തവുമായ കാഞ്ഞിക്കൽ (പായിക്കളത്തിലെ കുടുംബാംഗമാണ് ഈ കരാട്ടെ ആയോധന കലയിലെ ലോക ചാമ്പ്യൻ. ഒമ്പതാം വയസിൽ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, കേരള സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം 20 വർഷങ്ങൾക്ക് മുമ്പാണ് സ്കോട്ലൻഡിലെ ഇൻവർക്ലൈഡിലേക്ക് എത്തുന്നത്. മാർക്കറ്റിംഗിൽ എംബിഎ പോസ്റ്റഗ്രാജുവേഷൻ പഠനത്തിന്നയെത്തിയ ടോം പഠനത്തോടൊപ്പം ആയോധന കലകളും ഒരുമിച്ചു തുടരുകയായിരുന്നു.
അന്തരാഷ്ട്ര മത്സരത്തിൽ ഇഷ്ട ഇനമായ കരാട്ടെയിൽ വിജയക്കൊടി വീണ്ടും പാറിക്കുവാൻ കഴിഞ്ഞതിൽ അതീവ അഭിമാനമുണ്ടെന്നും, ലോകത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരുമായി മത്സരിക്കുവാൻ സാധിച്ചത്, മികച്ച അനുഭവമായിരുന്നു എന്നും ടോം പറഞ്ഞു.
ഗ്ലാസ്ഗോ, കിംഗ്സ്റ്റൺ ഡോക്കിൽ ഭാര്യ ജിഷ ഗ്രിഗറിക്കും (എൻഎച്ചസ് കമ്മ്യൂണിറ്റി നഴ്സ്), അവരുടെ 16 വയസുള്ള മകൻ ലിയോണിനുമൊപ്പം (സ്കോട്ലൻഡ് ബോക്സിംഗ് ചാമ്പ്യൻ) കുടുംബ സമേതം താമസിക്കുകയാണ് ടോം.

ജപ്പാനിലെ ഒകിനാവ കരാട്ടെ ഇർനാഷണൽ സെമിനാറിൽ പങ്കെടുത്തതിന് ശേഷം 2019ൽ ആയോധനകലയിൽ യുകെയുടെ അംബാസഡറും, ഇന്റർനാഷണൽ ഷോറിൻറ്യൂ റൈഹോക്കൻ അസോസിയേഷന്റെ ചീഫ് ഇൻസ്ട്രക്ടറുമായി ലഭിച്ച താരത്തിളക്കമുള്ള പദവികളടക്കം നിരവധി അംഗീകാരങ്ങളുടെയും പുരസ്കാരങ്ങളുടെയും നിറവിൽ യുകെ യിൽ പ്രശസ്തനുമാണ് ടോം ജേക്കബ്.