ഡാളസ്: അമേരിക്കയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ സംഗമമായ 2026 സീറോ മലബാർ യുഎസ്എ കൺവെൻഷന്റെ ഗ്രാൻഡ് കിക്കോഫ് ഞായറാഴ്ച ഡാളസിൽ നടക്കും. ഡാളസിലെ സെന്റ് തോമസ് സീറോ മലബാർ ഇടവകയിൽ നടക്കുന്ന ചടങ്ങ് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത് കിക്കോഫ് ചെയും.
ഭാരതത്തിന് പുറത്ത് സ്ഥാപിതമായ ആദ്യത്തെ സീറോ മലബാർ ഇടവക എന്ന നിലയിൽ ഡാളസ് ഇടവകയ്ക്ക് ചരിത്രപരമായ സ്ഥാനമുണ്ട്. അതിന്റെ ആദ്യ വികാരി കൂടിയായ മാർ ജേക്കബ് അങ്ങാടിയത്താണ് ഈ ഇടവകയുടെ സ്ഥാപകൻ. അമേരിക്കയിലെ സീറോ മലബാർ രൂപതയായ ഷിക്കാഗോ രൂപതയാണ് 2026ലെ ഈ ഒത്തുചേരലിന് ആതിഥേയത്വം വഹിക്കുന്നത്.
2026 ജൂലൈ ഒൻപത് മുതൽ 12 വരെ ഷിക്കാഗോയിലെ മക്കോർമിക് പ്ലേസിൽ നടക്കുന്ന നാലുദിവസത്തെ കൺവൻഷൻ ആത്മീയ വളർച്ചക്കും സമൂഹ ഐക്യത്തിനുമുള്ള വേദിയായി മാറുമെന്ന് സംഘാടകർ അറിയിച്ചു. പ്രതിദിന പ്രാർത്ഥനകൾ, ശുശ്രൂഷകൾ, സാംസ്കാരിക പരിപാടികൾ, യുവജന പങ്കാളിത്തം എന്നിവ കൺവൻഷനെ സമ്പന്നമാക്കും.
2001 മാർച്ച് 13 ന് രൂപീകരിച്ച ഷിക്കാഗോ രൂപതയുടെ കാൽ നൂറ്റാണ്ട് പൂർത്തിയാകുന്നതോടെ, ഈ കൺവൻഷൻ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് സംഘടിപ്പിക്കുന്നത്. രൂപത ഇന്ന് 52 ഇടവകകളും 35 മിഷനുകളും വഴി 87,000ത്തിലധികം വിശ്വാസികളെ ചേർത്ത് നിർത്തുന്നു.
ജൂബിലി, വിശ്വാസത്തിന്റെ സമൃദ്ധിയെയും ദൈവാനുഗ്രഹങ്ങളെയും ഓർമ്മിക്കുന്നതിനൊപ്പം അമേരിക്കൻ മണ്ണിലെ സീറോ മലബാർ സഭയുടെ പ്രതിബദ്ധതയെ ഓർമപെടുത്തുകയും ചെയ്യുന്ന നിമിഷമാണെന്ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭിപ്രായപ്പെട്ടു. സുഹൃത്തുക്കളെയും കുടുംബങ്ങളെയും പ്രത്യേകിച്ച് യുവജനങ്ങളെയും പങ്കാളികളായി കാണാമെന്നും ബിഷപ്പ് പറഞ്ഞു.
ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന, ആത്മീയ വിചിന്തനങ്ങൾ, കുമ്പസാരം, രോഗശാന്തി ശുശ്രൂഷകൾ എന്നിവ ആത്മീയ വളർച്ചക്ക് വഴിയൊരുക്കും. സാംസ്കാരിക രാവുകളിൽ സീറോ മലബാർ സഭയിൽപ്പെട്ട സിനിമാ താരങ്ങൾക്കും ഇടവകയിലെ കലാകാരന്മാർക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമുണ്ടാകും.
യുവജനങ്ങൾക്കായി പ്രത്യേക സെഷനുകളും സാമൂഹിക ചർച്ചയും, ലേക്ക് മിഷിഗൺ ക്രൂയിസുകളും കായിക മത്സരങ്ങളും സ്തുതി രാത്രികളും ഒരുക്കിയിരിക്കുന്നു. കുടുംബങ്ങൾക്കായി ഫാമിലി ഡേ, ഇൻഡോർ ഫൺ സോൺ, കുട്ടികളുടെ പ്രവർത്തനങ്ങൾ പരിപാടികൾ തുടങ്ങുയവയും ഉൾപ്പെടുത്തിയിരിക്കുന്നു.
ഷിക്കാഗോയുടെ തടാകക്കരയിൽ ഷോപ്പിംഗും ഡൈനിംഗും ടൂറുകളും ഉൾപ്പെടെയുള്ള അനുഭവങ്ങൾക്കൊപ്പം നൈറ്റ് ക്രൂയിസ്, ഡിജെ ഫെസ്റ്റ്, റൂഫ്ടോപ്പ് സോഷ്യൽസ്, ഗ്രാൻഡ് ബാങ്ക്വെറ്റ് തുടങ്ങിയ പരിപാടികൾ കൺവെൻഷന്റെ ഹൈലൈറ്റുകളായി മാറും.
Tags : Dallas Syro Malabar USA Convention