ഡബ്ലിൻ: അയർലൻഡിൽ അഭയാർഥി യുവാവ് ബാലികയെ പീഡിപ്പിച്ച സംഭവത്തെത്തുടർന്നുണ്ടായ സംഘർഷത്തിന് അയവ് വന്നു. അഭയാർഥികളെ താമസിപ്പിച്ചു വന്ന ഡബ്ലിൻ സാഗർട്ട് സിറ്റി വെസ്റ്റ് ഹോട്ടലിന് മുൻപിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ സംഘർഷം ഉണ്ടായത്.
പീഡന സംഭവവുമായി ബന്ധപ്പെട്ട് അഭയാർഥി യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ ഒരു വിഭാഗം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുകയായിരുന്നു.
ഇതേത്തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ പോലീസ് വാഹനം അഗ്നിക്കിരയാക്കുകയും നിയമപാലകർ അടക്കം ഉള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് നിരവധിപേരെ അറസ്റ്റ് ചെയ്തു.
സംഭവസ്ഥലത്ത് കൂടുതൽ ഗാർഡയെ(പോലീസ്) നിയോഗിച്ചതോടെ സ്ഥിതിഗതികൾ വ്യാഴാഴ്ച രാത്രിയോടെ നിയന്ത്രണവിധേയമാകുകയായിരുന്നു.
ഇതിനിടെ സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ മാത്രം ഉണ്ടായ സംഭവം അയർലൻഡിൽ ആകമാനം സംഘർഷമാണെന്ന് തരത്തിലുള്ള വ്യാജ പ്രചരണമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്ത് കുടിയേറ്റക്കാർക്കെതിരേയുള്ള അനിഷ്ട സംഭവങ്ങൾ കെട്ടടങ്ങിയ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്.
ഇതിനിടെ ബാലികയെ പീഡിപ്പിച്ച സംഭവമുണ്ടായതോടെയാണ് സിറ്റിവെസ്റ്റ് ഹോട്ടലിനു മുമ്പിൽ സംഘർഷമുടലെടുത്തത്. അക്രമ സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരേ ശക്തമായ നടപടികൾ തുടർന്നുവരികയാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ജിംഓകാലഗൻ വ്യക്തമാക്കി.
Tags : Anti Migrant Ireland Sexual Assault