ജപ്പാനെ മറികടന്ന് കലിഫോർണിയ നാലാമത്തെ സന്പദ്വ്യവസ്ഥ
Saturday, April 26, 2025 7:19 AM IST
സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കലിഫോർണിയ സംസ്ഥാനം ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സന്പദ്വ്യവസ്ഥ എന്ന നേട്ടം കരസ്ഥമാക്കി. അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) കണക്കുകളെ അടിസ്ഥാനമാക്കി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം ആണ് ഇക്കാര്യം അറിയിച്ചത്.
2024 വർഷത്തിൽ ജപ്പാനിലെ മൊത്ത അഭ്യന്തര ഉത്പാദനം (ജിഡിപി) 4.01 ലക്ഷം കോടി ഡോളർ ആയിരുന്നു. ഇതേ വർഷത്തിൽ കലിഫോർണിയയുടെ ജിഡിപി 4.10 ലക്ഷം കോടിയായി ഉയർന്നു. അമേരിക്ക, ചൈന, ജർമനി എന്നീ രാജ്യങ്ങളാണു കലിഫോർണിയയ്ക്കു മുന്നിലുള്ളത്.
അമേരിക്കൻ സംസ്ഥാനങ്ങളിൽ വ്യവസായ, കാർഷിക ഉത്പാദനത്തിൽ ഒന്നാം സ്ഥാനം കലിഫോർണിയയ്ക്കാണ്. സാങ്കേതികവിദ്യയുടെ തലസ്ഥാനമായ സിലിക്കൺ വാലിയും സിനിമാ വ്യവസായ കേന്ദ്രമായ ഹോളിവുഡും സ്ഥിതി ചെയ്യുന്നത് സംസ്ഥാനത്താണ്.
അതേസമയം, പ്രസിഡന്റ് ട്രംപിന്റെ വ്യാപാരയുദ്ധം കാലിഫോർണിയയുടെ സാന്പത്തികവളർച്ചയ്ക്കു തടസമാകുമെന്ന ഭീതി ഗവർണർ ഗാവിൻ ന്യൂസമിനുണ്ട്. ഇറക്കുമതി ചുങ്കം പ്രഖ്യാപിക്കാൻ ട്രംപിനുള്ള അധികാരം ചോദ്യം ചെയ്ത് അദ്ദേഹം കോടതിയെ സമീപിച്ചിട്ടുണ്ട്.