കെഎച്ച്എൻഎ കൺവൻഷൻ ഓഗസ്റ്റ് 17 മുതൽ അറ്റ്ലാന്റിക് സിറ്റിയിൽ
Monday, April 21, 2025 5:13 PM IST
ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ(കെഎച്ച്എൻഎ) ഫാമിലി കൺവൻഷനും രജത ജൂബിലി വിരാട് 25 ആഘോഷവും ഓഗസ്റ് 17,18,19 തീയതികളിൽ ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിലെ എംജിഎം റിസോർട്ടിൽ നടക്കുമെന്ന് പ്രസിഡന്റ് ഡോ.നിഷ പിള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂയോർക്ക് ചാപ്റ്റയുമായി സൂമിലൂടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് കൺവൻഷന്റെ വിശദാശംങ്ങൾ അറിയിച്ചത്.
കെഎച്ച്എൻഎ ജനറൽ സെക്രട്ടറി മധു ചെറിയേടത്തു, ട്രഷറർ രഘുവരൻ നായർ, വൈസ് പ്രസിഡന്റ് സുരേഷ് നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, കൺവൻഷൻ ചെയർമാൻ സുനിൽ പൈങ്കോൽ എന്നിവർ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിയായി നടക്കുന്ന കൺവൻഷൻ വൻ വിജയമാക്കുന്നതിനു വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞെന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.
ഏതാണ് 400-450 കുടുംബങ്ങളിൽ നിന്നുമായി 1400 മുതൽ 1500 ആളുകൾ ഈ കൺവൻഷനിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുസമൂഹം എത്തിച്ചേരും.
ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമായി നിരവധി വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി സർവപ്രിയാനന്ദ, മുൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖരൻ, സാഹിത്യകാരനായ ജെ. നന്ദകുമാർ, ടിവി ചർച്ചകളിലൂടെ ശ്രദ്ധേയരായ ശ്രീജിത്ത് പണിക്കർ, അഡ്വ. ജയശങ്കർ,
പരസ്യ സംവിധായകൻ ശരത് എ. ഹരിദാസൻ, സിനിമാ താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, ഗോവിന്ദ് പത്മസൂര്യ, ശിവദ, അഭിലാഷ് പിള്ള, രഞ്ജൻ രാജ്, കേരള കലാമണ്ഡലത്തിലെ കലാകാരന്മാർ എന്നിവർ ഇന്ത്യയിൽ നിന്ന് എത്തും.
കൂടാതെ ശ്രീകാന്ത് പ്രധാൻ (കോൺസൽ ജനറൽ, ന്യൂയോർക്ക്), ജഡ്ജ് രാജരാജേശ്വരി (ന്യൂയോർക്ക് സുപ്രീംകോടതി), ന്യൂജേഴ്സി സെനറ്റർ വിൻ ഗോപാൽ എന്നിവരും കൺവൻഷന്റെ ഭാഗമാകും.
പരിപാടികൾ ഒറ്റനോട്ടത്തിൽ:
തൃശൂർ പൂരത്തെ അനുസ്മരിക്കുന്ന തരത്തിൽ ഘോഷയാത്രയോടെ ആയിരിക്കും പരിപാടിയുടെ തുടക്കം. സംഗീതജ്ഞൻ രമേശ് നാരായണനും മകൾ മധുശ്രീയും ഒരുക്കുന്ന ഹിന്ദുസ്ഥാനി സംഗീതവിരുന്ന്, കലാമണ്ഡലത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ക്ഷേത്ര കലകൾ കോർത്തിണക്കിയ വിവിധ കലാ പരിപാടികൾ,
പകൽപ്പൂരം, ഗായകൻ ഹരീഷ് ശിവരാമകൃഷ്ണന്റെ നേതൃത്വത്തിൽ "അഗം' എന്ന മ്യൂസിക്കൽ ബാൻഡ് ഷോ, ആത്മീയനേതാക്കളുടെ പ്രഭാഷണം, യൂത്ത് ഫോറം നയിക്കുന്ന "യൂത്ത് ഫോർ ട്രൂത്ത്' എന്ന സംവാദം, സെലിബ്രിറ്റി നൈറ്റ്, സമഷ്ടി എന്ന തീം ബേസ്ഡ് പ്രോഗ്രാം,
"അരങ്ങ്' എന്ന പേരിൽ യൂത്ത് ഫെസ്റ്റിവൽ, ഫാൻസി ഡ്രസ് മത്സരം, വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ "ലീല' എന്ന് നാമകരണം ചെയ്തിട്ടുള്ള ഫാഷൻ ഷോ, മെഗാ തിരുവാതിര, മോഹിനിയാട്ടം, സർവൈശ്വരീ പൂജ, ബിസിനസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലുള്ള ചർച്ചകൾ,
ഭക്തിമഞ്ജരി (കുരുന്നുകൾ ആലപിക്കുന്ന ഭജൻ), കളരിപ്പയറ്റ് ആസ്പദമാക്കിയുള്ള പരിപാടികൾ എന്നിങ്ങനെ ഒട്ടനവധി പരിപാടികൾ മൂന്നു ദിവസം നീണ്ടുനിൽക്കുന്ന കൺവൻഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
ഭക്ഷണം തയാറാക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയുടെയും മകൻ യദുവിന്റെയും മേൽനോട്ടത്തിലാണ്. കൂടാതെ ന്യൂജഴ്സിയിലെ പ്രശസ്തമായ ബിഎപിഎസ് ടെമ്പിൾ സന്ദേർശിക്കുന്നതിനുള്ള അവസരവും ഉണ്ടാകും. കൺവൻഷനോടനുബന്ധിച്ചു മീഡിയ സെമിനാറും നടത്തും.
പതിവ് പോലെ കൺവൻഷന് അനുബന്ധമായി പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. ലൈഫ് മെമ്പേഴ്സ്, കൺവൻഷനിൽ പങ്കെടുക്കുന്ന 18 വയസ് കഴിഞ്ഞവരാണ് വോട്ടർമാർ.
ഡോ. അനിത മേനോനിലൂടെ (മേരിലാൻഡ്) കെഎച്ച്എൻഎയ്ക്ക് ആദ്യമായൊരു വനിതാ ഇലക്ഷൻ കമ്മീഷണറെ ലഭിക്കുന്ന വിവരവും പ്രസിഡന്റ് അറിയിച്ചു. ശ്യാംകുമാർ (പെൻസിൽവേനിയ), ഡോ രശ്മി മേനോൻ (അരിസോണ) എന്നിവരാണ് കമ്മീഷനിലെ മറ്റു അംഗങ്ങൾ.
രജിസ്ട്രേഷൻ, അമേരിക്കയ്ക്ക് അകത്തും പുറത്തുനിന്നുമുള്ള സ്പോൺസർഷിപ്പ് ,സൂവനീർ എന്നിങ്ങനെയുള്ള രീതിയിലാണ് പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എത്തുന്നത്.
സ്കോളർഷിപ്പ് വിതരണം, നവീനമാക്കിയ മാട്രിമോണിയൽ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവക്ക് പുറമെ മണ്ണാറശാലയിലെ സാവിത്രി അന്തർജനത്തിന് അദ്വൈത പുരസ്കാരം സമ്മാനിക്കുമെന്നും ട്രസ്റ്റ് ബോർഡ് ചെയർ ഗോപിനാഥ കുറുപ്പ് അറിയിച്ചു. ഐപിസിഎൻഎ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റെ ഷോളി കുമ്പിളുവേലി ആയിരുന്നു കോഓർഡിനേറ്റർ.
പ്രസ് ക്ലബിനെ പ്രതിനിധീകരിച്ച് നാഷണൽ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, ജനറൽ സെക്രട്ടറി ഷിജോ പൗലോസ്, പ്രസിഡന്റ് ഇലക്ട് രാജു പള്ളത്ത്, ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ്, ജെ. മാത്യു, സജി എബ്രഹാം, ബിജു കൊട്ടാരക്കര, മാത്തുക്കുട്ടി ഈശോ, മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, മധു കൊട്ടാരക്കര തുടങ്ങിയവർ പങ്കെടുത്തു.