യഥാർഥ പ്രണയത്തിന്റെ സ്മാരകം; താജ്മഹൽ സന്ദർശിച്ച് ജെ.ഡി. വാൻസും കുടുംബവും
പി.പി. ചെറിയാൻ
Thursday, April 24, 2025 3:38 PM IST
ആഗ്ര: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും കുടുംബവും താജ്മഹൽ സന്ദർശിച്ചു. ഭാര്യ ഉഷയും മക്കളായ വിവേകും യുവാനും മിറബൈലും വാൻസിനൊപ്പമുണ്ടായിരുന്നു.
താജ്മഹൽ വിസ്മയിപ്പിക്കുന്നതാണെന്നും യഥാർഥ പ്രണയത്തിന്റെ സ്മാരകമാണെന്നും വാൻസ് സന്ദർശന ഡയറിയിൽ കുറിച്ചു. ജയ്പുരിൽ നിന്ന് ബുധനാഴ്ചയാണ് വാൻസ് ആഗ്ര വിമാനത്താവളത്തിലെത്തിയത്.
ഇവരെ സ്വീകരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് കാറിലാണ് ഇവർ താജ്മഹലിൽ എത്തിയത്.
വാൻസിനെ വരവേൽക്കാൻ സ്കൂൾ കുട്ടികൾ യുഎസ് പതാകയും ഇന്ത്യൻ പതാകയും വീശി റോഡിന്റെ ഇരുവശത്തും നിൽപ്പുണ്ടായിരുന്നു.
നാലുദിവസത്തെ സന്ദർശനത്തിന് ശേഷം വാൻസ് ഇന്ന് യുഎസിലേക്ക് മടങ്ങി.