ഇശൽ ബാൻഡ് അബുദാബിയുടെ "ഇശൽ ഓണം 2024' ഒരുക്കങ്ങൾ പൂർത്തിയായി
അനിൽ സി. ഇടിക്കുള
Sunday, November 17, 2024 11:08 PM IST
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടി ബേപൂർ ബോട്ട് റസ്റ്റോറന്റ് അവതരിപ്പിക്കുന്ന ഇശൽ ഓണം 2024 നവംബർ 17 ഞായറാഴ്ച്ച ഉച്ചക്ക് 3 മുതൽ അബുദാബി കേരള സോഷ്യൽ സെന്ററിൽ മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര എന്നിങ്ങനെ വർണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറും.
നടൻ സെൻതിൽ കൃഷ്ണ കുമാർ മുഖ്യഅതിഥിആയി എത്തും. ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റിൽ, ഇൻസ്റ്റാഗ്രാമിലൂടെ ശ്രദ്ധ നേടിയ ഹിഷാം അങ്ങാടിപ്പുറവും, മീരയും പങ്കെടുക്കും. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസ്സി മാത്യൂസ് നയിക്കുന്ന ഫാഷൻ ഷോയും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും.
കലാ പ്രവർത്തനത്തോടൊപ്പം കാരുണ്യ പ്രവർത്തനങ്ങൾക്കും അതീവ പ്രാധാന്യം നൽകിവരുന്ന ഇശൽ ബാൻഡ് അബുദാബി നിർധനർക്കുള്ള രണ്ടുലക്ഷം രൂപയുടെ ധനസഹായ വിതരണം പ്രസ്തുത പരിപാടിയിൽ നടക്കും.
അബുദാബി കമ്മ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽഷഹീ പൊതു പരിപാടിയിൽ മുഖ്യ അഥിതി ആയിരിക്കും. സാമൂഹ്യ, സാംസ്കാരിക, വാണിജ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റ് ഉടമ കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കും.
ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധിക്കാരി ഹാരിസ് തായമ്പത്ത്, ഇവന്റ് കോർഡിനേറ്റർ ഇക്ബാൽ ലത്തീഫ്, ട്രെഷറർ സാദിഖ് കല്ലട, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, എബി യഹിയ, റഹ്മത്ത് കാലിക്കറ്റ് റെസ്റ്റോറന്റ് മാനേജർ അബ്ദുൾ സലിം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
പരിപാടിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ 00971 50 5667356 എന്ന നമ്പറിൽ ബന്ധപ്പെടുക.
അനില് സി ഇടിക്കുള