കോട്ടയത്ത് മന്ത്രമംഗല്യ നിധിയുടെ സഹായം വിതരണം ചെയ്തു
Saturday, April 26, 2025 11:05 AM IST
കോട്ടയം: മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ്(മന്ത്ര) സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി പ്രഖ്യാപിച്ച മംഗല്യ നിധിയുടെ 2025 ലെ സഹായം ഒരു ലക്ഷം രൂപ കോട്ടയം ജില്ലയിൽ കുമ്മനത്ത് ഒ.എൻ. ശശി - രാജമ്മ ശശി ദമ്പതികൾക്ക് സമ്മാനിച്ചു.
കുമ്മനത്ത് നടന്ന ചടങ്ങിൽ മന്ത്ര പി.ആർ. ഹെഡ് രഞ്ജിത് ചന്ദ്രശേഖർ മംഗല്യ നിധി കൈമാറി. മന്ത്രയുടെ പ്രസിഡന്റ് ശ്യാം ശങ്കർ, മുൻ പ്രസിഡന്റ് ഹരി ശിവരാമൻ, മുൻ സെക്രട്ടറി അജിത് നായർ, ഭാരവാഹികളായ സുരേഷ് കരുണാകരൻ തുടങ്ങി ഇതിനു പിന്നിൽ പ്രവർത്തിച്ച മന്ത്രയുടെ ഭാരവാഹികൾക്ക് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി
സജീവ് ശ്രീധരൻ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് പ്രസിഡന്റ്, മുരാരി ഉത്തമൻ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് ജോയിന്റ് സെക്രട്ടറി, അമ്പിളി സന്തോഷ്കുമാർ സേവാഭാരതി തിരുവാർപ്പ് യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നിവർ സന്നിഹിതരായിരുന്നു.
സാമൂഹ്യമായോ സാമ്പത്തികമായോ പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളുടെ മംഗല്യം തടസപ്പെടാൻ ഇടയാകരുത് എന്ന സദുദ്ദേശത്തിൽ, കഴിയാവുന്നിടത്തോളം സഹായം എത്തിക്കാൻ രൂപീകരിക്കുന്ന സഹായനിധിയാണിത്.
അർഹിക്കുന്ന കരങ്ങളിൽ എത്തുന്ന വിധം കേരളത്തിലൂടനീളം പ്രാദേശികമായി സന്നദ്ധ പ്രവർത്തകരെ സഹകരിപ്പിച്ചു കൊണ്ടാണ് സേവനം എത്തിക്കാൻ ശ്രമിക്കുന്നത്. മന്ത്രയുടെ പ്രവർത്തനങ്ങളിൽ സേവനത്തിനു മികച്ച പരിഗണനയാണ് എപ്പോഴും നൽകുന്നതെന്നു പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
കൂടുതൽ സേവന പദ്ധതികൾക്കായി വരും കാലങ്ങളിൽ അംഗങ്ങൾ മുന്നോട്ടു വരുമെന്ന് സെക്രട്ടറി ഷിബു ദിവാകരൻ പ്രത്യാശ പ്രകടിപ്പിച്ചു. വിശ്വ സേവാ ഫൗണ്ടേഷൻ വഴി വരും വർഷങ്ങളിൽ വിവിധ സേവന കർമ്മ പദ്ധതികൾ രൂപീകരിക്കാൻ പദ്ധതിയിടുന്നതായി പ്രസിഡന്റ് ഇലെക്ട് കൃഷ്ണരാജ് മോഹനൻ അറിയിച്ചു.
നോർത്ത് കാരോളിനയിൽ ഈ വർഷം ജൂലൈ മൂന്ന് മുതൽ ആറ് വരെ നടക്കുന്ന രണ്ടാമത്തെ ഗ്ലോബൽ കൺവെൻഷനായ "ശിവോഹം 2025'ന് തയാറെടുപ്പുകൾ പുരോഗമിക്കുന്നു.