മലയാളി വിദ്യാർഥിനിക്ക് അമേരിക്കൻ യൂണിവേഴ്സിറ്റി അവാർഡ്
Thursday, April 24, 2025 12:04 PM IST
ഒഹായോ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ മികച്ച വിദ്യാർഥികൾക്കായി ഈ വർഷം മുതൽ ഏർപ്പെടുത്തിയ "ടവർ ഓഫ് എക്സലൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അമല ബാബു തോമസ് ഉൾപ്പടെ ആറു പേർ അർഹരായി.
നേതൃത്വമികവ്, അക്കാദമിക മികവ്, സാമൂഹ്യ സേവനം എന്നിവയിലൂടെ കാമ്പസിൽ വ്യക്തിമുദ്ര പതിപ്പിക്കുന്ന വിദ്യാർഥികളെയാണ് അവാർഡിനു പരിഗണിച്ചത്. 1872ൽ സ്ഥാപിതമായി മെഡിക്കൽ, എൻജിനിയറിംഗ്, ആർട്സ് വിഷയങ്ങളിൽ ഉൾപ്പടെ മികച്ച വിദ്യാഭ്യാസം നൽകുന്ന 153 വർഷത്തെ ചരിത്രം പേറുന്ന അമേരിക്കയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണ് യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ.
അബുദാബിയിൽ താമസിക്കുന്ന പത്തനംതിട്ട അടൂർ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനിയുടെയും ഏക മകളാണ് അമല. നാലാം ക്ലാസ് വരെ തുവയൂർ ഇൻഫന്റ് ജീസസ് സ്കൂളിലും പത്താംക്ലാസ് വരെ അബുദാബി സൺറൈസിലും പഠിച്ച അമല മുംബൈ സെന്റ് സേവ്യേഴ്സ് കോളജിൽനിന്നു പ്ലസ് ടു കഴിഞ്ഞാണ് യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ എൻവയോൺമെന്റ് എൻജിനിയറിംഗ് പഠനത്തിനു ചേർന്നത്.
പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അബുദാബി സൺറൈസ് സ്കൂളിലെ തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് വൈസ് പ്രസിഡന്റായിരുന്ന അമല അമേരിക്കയിൽ എത്തിയ ശേഷം പെറുവിലും മെക്സിക്കോയിലും ഉൾപ്പടെ വിവിധ മിഷൻ ട്രിപ്പുകളിൽ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധിയുടെ അബുദാബി സന്ദർശനവേളയിൽ അമലയുടെ ചോദ്യം ഇഷ്ടപ്പെട്ട് രാഹുൽ അമലയെ രാഷ്ട്രീയത്തിലേക്കു ക്ഷണിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.