ഡാളസ് റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബിന്റെ വാർഷിക ടൂർണമെന്റ് ശനിയാഴ്ച മുതൽ
അനശ്വരം മാമ്പിള്ളി
Friday, April 25, 2025 4:33 PM IST
ഡാളസ്: ടെക്സസിൽ ആസ്ഥാനമാക്കിയ റെയിഡേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത്തെ വാർഷിക ടൂർണമെന്റ് "റെയിഡേഴ്സ് കപ്പ് 2025' ശനിയാഴ്ച (ഏപ്രിൽ 26) മുതൽ മേയ് മൂന്ന് വരെ കോപ്പൽ സാൻഡി ലേക്ക് ഗ്രൗണ്ടിൽ അരങ്ങേറുന്നു.
2016ൽ ഡാളസിലെ മലയാളി യുവാക്കൾ ആരംഭിച്ച റെയിഡേഴ്സ് ക്ലബിന് ഇപ്പോൾ 50-ലധികം സജീവ അംഗങ്ങളുണ്ട്. 2023ൽ ക്ലബ് അംഗങ്ങൾക്കിടയിലെ തുടങ്ങിയ റെയിഡേഴ്സ് കപ്പ്, പിന്നീട് വിപുലീകരിച്ച് യുടിഡി വിദ്യാർഥികൾക്കും മറ്റും അവസരം നൽകുന്നതിലൂടെയും ഡാളസ് ഭാഗത്തെ വിവിധ ക്രിക്കറ്റ് ടീമുകളെയും ഉൾപ്പെടുത്തുന്നതിലൂടെയും വലിയ തലത്തിലേക്ക് ഉയർന്നു.
ഈ വർഷം ആറ് ടീമുകളിലായി 120-ലധികം കളിക്കാർ രണ്ട് ഗ്രൂപ്പുകളായി മത്സരത്തിലേക്ക് ഇറങ്ങുന്നു. ശനിയാഴ്ച വൈകുന്നേരം നാലിന് ആദ്യ മത്സരം റെയിഡേഴ്സ് റെഡും റെയിഡേഴ്സ് ബ്ലൂവും തമ്മിലാണ്. എല്ലാ മത്സരങ്ങളും രാത്രിയും പകലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫൈനൽ മത്സരം മേയ് നാലിന് വെെകുന്നേരം നാലിന് സാൻഡി ലേക്ക് ഗ്രൗണ്ടിൽ നടക്കും. വിജയികൾക്ക് ഷിജു ഫിനാൻഷ്യൽസ് നൽകി വരുന്ന എവർറോളിംഗ് വിന്നേഴ്സ് കപ്പ് പുരസ്കാരമായി ലഭിക്കും.
ബീം റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് റണ്ണേഴ്സ് അപ്പ് ട്രോഫിയും രണ്ടാമതായി വരുന്ന ടീമിന് നൽകപ്പെടും. ഇതിനുപുറമെ മികച്ച ബാറ്റർ, ബൗളർ, വിക്കറ്റ് കീപ്പർ, ടൂർണമെന്റിലെ മികച്ച കളിക്കാരൻ എന്നിവർക്കും ട്രോഫികൾ നൽകപ്പെടും.
ഈ വർഷത്തെ പ്രധാന സ്പോൺസർമാരായ ക്വാളിറ്റി റൂഫിംഗ്, ലോർഡ്സ് ഇൻഡോർ സ്പോർട്സ്, ഓർക്കിഡ് കെയർ ഹോം, പാം ഇന്ത്യ റസ്റ്റോറന്റ് എന്നിവർക്ക് ക്ലബ് മാനേജ്മെന്റ് നന്ദി അറിയിച്ചു.
ഡാളസ് ഫോർട്ട് വർത്ത് മേഖലയിൽ താമസിക്കുന്ന എല്ലാ ക്രിക്കറ്റ് പ്രേമികളിയും മത്സരം കാണുവാനും പരിപാടിയെ വിജയകരമാക്കാനും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: അരുൺ: +1 (469) 783-4265, അമിത്: +1 (516) 849-8974, ഷിനോദ്: +1 (469) 766-0455.