മൂന്നംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ
പി.പി. ചെറിയാൻ
Monday, April 21, 2025 4:29 PM IST
ഹൂസ്റ്റൺ: 2021 ജൂൺ 30ന് തെക്കുപടിഞ്ഞാറൻ ഹൂസ്റ്റൺ അപ്പാർട്ട്മെന്റിൽ ദമ്പതികളെയും അവരുടെ മകളെയും വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ.
സേവ്യർ ഡേവിസിനെ(28) ആണ് കുറ്റാവാളിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. ഫോണ്ട്രെൻ റോഡിലെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഡൊണാവിയ ലാഗ്വേ(29), ഗ്രിഗറി കാർഹീ(35), അവരുടെ ആറ് വയസുള്ള മകൾ ഹാർമണി കാർഹീ എന്നിവരാണ് കൊല്ലപ്പെട്ടത്. 10 വയസുള്ള മകൾക്കും വെടിയേറ്റിരുന്നു.
ഡേവിസിനെതിരേ തുടക്കത്തിൽ കൊലപാതക കുറ്റങ്ങളും ഗുരുതരമായ ആക്രമണ കുറ്റങ്ങളും ചുമത്തിയിരുന്നു. വധശിക്ഷ നൽകണമെന്ന പ്രോസിക്യൂട്ടർമാരുടെ ആവശ്യം ജൂറി അംഗീകരിക്കുകയായിരുന്നു.