അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലെത്തി
Monday, April 21, 2025 1:35 PM IST
ന്യൂഡൽഹി: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി. ഇന്ന് രാവിലെ പത്തിന് ഡൽഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെയും കുടുംബത്തെയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ചു.
കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. നൃത്തവും പരേഡും അടക്കം വിമാനത്തവാളത്തിൽ ഗംഭീര സ്വീകരണമാണ് ഒരുക്കിയത്. ഇന്ന് വൈകിട്ട് 6.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാൻസ് കുടുംബത്തോടൊപ്പം ചൊവ്വാഴ്ച ജയ്പുരിലേക്ക് തിരിക്കും.
ബുധനാഴ്ച ആഗ്ര സന്ദർശിച്ചശേഷം വ്യാഴാഴ്ച പുലർച്ചെ അദ്ദേഹം അമേരിക്കയിലേക്ക് തിരികെ പോകും. വാൻസിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്. സാന്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന ഘട്ടത്തിൽ തീരുമാനിച്ച പത്തു വർഷത്തെ പ്രതിരോധ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഈ ഘട്ടത്തിലുണ്ടായേക്കും. ഇന്ത്യയും അമേരിക്കയും തമ്മിൽ തന്ത്ര പ്രധാനമായ ആഗോള പങ്കാളിത്തമുണ്ടെന്നും വാൻസിന്റെ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വിഷയങ്ങളെല്ലാം ചർച്ച ചെയ്യുമെന്നും വിദേശ കാര്യാ മന്ത്രാലയത്തിന്റെ വക്താവ് രണ്ധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഈ സന്ദർശനം കൂടുതൽ കരുത്തേകുമെന്നും ജയ്സ്വാൾ കൂട്ടിച്ചേർത്തു.