ഡെന്റൺ കൗണ്ടി കമ്മീഷണർക്കും ഭർത്താവിനും കുത്തേറ്റു; ഭർത്താവ് മരിച്ചു, ചെറുമകൻ കസ്റ്റഡിയിൽ
പി .പി. ചെറിയാൻ
Wednesday, April 23, 2025 6:59 AM IST
ഹൂസ്റ്റൺ: ഡെന്റൺ കൗണ്ടി കമ്മീഷണറായ ബോബി ജെ. മിച്ചലിനും ഭർത്താവ് ഫ്രെഡ് മിച്ചലിനും തിങ്കളാഴ്ച പുലർച്ചെ വീട്ടിൽ വച്ച് കുത്തേറ്റു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഫ്രെഡ് മിച്ചൽ പുലർച്ചെ അഞ്ചിന് മരിച്ചതായി അധികൃതർ അറിയിച്ചു. ബോബി മിച്ചലിന് പരുക്കുകളുണ്ടെങ്കിലും ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്.
ഡെന്റൺ കൗണ്ടി പ്രിസിങ്ക്റ്റ് 3 കമ്മീഷണറാണ് ബോബി ജെ. മിച്ചൽ. ലൂയിസ്വില്ലെയിലെ ആദ്യത്തെ കറുത്തവർഗക്കാരിയായ മേയർ കൂടിയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 3.53ന് സ്പ്രിങ്വുഡ് ഡ്രൈവിലെ 1000 ബ്ലോക്കിൽ ആക്രമണം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടൻ തന്നെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
തുടർന്ന് കുത്തേറ്റ നിലയിൽ കണ്ടെത്തിയ ബോബി ജെ. മിച്ചലിനെയും ഭർത്താവ് ഫ്രെഡ് മിച്ചലിനെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുത്തേറ്റ ദമ്പതികളുടെ ചെറുമകനായ മിച്ചൽ ബ്ലെയ്ക്ക് റെയ്നാച്ചറെ സംഭവസ്ഥലത്ത് വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ലൂയിസ്വില്ലെ ജയിലിൽ റിമാൻഡ് ചെയ്ത റെയ്നാച്ചറിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.