ടെക്സസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മോഷണം; ലോട്ടറി കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ രാജിവച്ചു
പി.പി. ചെറിയാൻ
Friday, April 25, 2025 5:57 AM IST
ടെക്സസ്: കഴിഞ്ഞ വർഷവും ഈ വർഷത്തിന്റെ തുടക്കത്തിലുമായി ഏകദേശം 200 മില്യൻ ഡോളറിന്റെ ഒന്നിലധികം ജാക്ക്പോട്ടുകൾ നേടിയതുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണങ്ങൾക്കിടെ ടെക്സസ് ലോട്ടറി കമ്മീഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ റയാൻ മിൻഡൽ രാജിവച്ചു.
തിങ്കളാഴ്ചയാണ് മിൻഡലിന്റെ രാജി ലോട്ടറി കമ്മീഷൻ പ്രഖ്യാപിച്ചത്. ലോട്ടറി കമ്മീഷനിലെ മുൻ ഡപ്യൂട്ടി ഡയറക്ടറും ഓപ്പറേഷൻസ് ഡയറക്ടറുമായിരുന്ന മിൻഡൽ, മുൻഗാമി പെട്ടെന്ന് രാജിവച്ചതിനെത്തുടർന്ന് ഏകദേശം ഒരു വർഷത്തോളം ഈ സ്ഥാനത്ത് സേവനമനുഷ്ഠിച്ചത്.
ലോട്ടറി സമ്മാനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ചും, ഉപഭോക്താക്കൾക്ക് വേണ്ടി ഓൺലൈനായി ടിക്കറ്റുകൾ വാങ്ങുകയും അയയ്ക്കുകയും ചെയ്യുന്ന കൊറിയർ കമ്പനികളെ സംസ്ഥാനം എങ്ങനെ കൈകാര്യം ചെയ്തു എന്നതിനെക്കുറിച്ചുമുള്ള അന്വേഷണത്തിന് ഗവർണർ ഗ്രെഗ് ആബട്ടും സംസ്ഥാന അറ്റോർണി ജനറൽ കെൻ പാക്സ്റ്റണും ഉത്തരവിട്ടിരുന്നു.
നിലവലിൽ ഏജൻസി ഇതു സംബന്ധിച്ച അന്വേഷണം നേരിടുന്ന സമയത്താണ് മിൻഡലിന്റെ രാജി. 1991ൽ സ്ഥാപിതമായ ടെക്സസ് ലോട്ടറി, വാർഷിക വരുമാനത്തിന്റെ ഒരു ഭാഗം പൊതുവിദ്യാഭ്യാസത്തിന് നൽകുന്നു.
2024ൽ ഏകദേശം രണ്ട് ബില്യൻ ഡോളറാണ് സംസ്ഥാനത്തിന്റെ പൊതുവിദ്യാലയ ഫണ്ടിലേക്ക് നൽകിയത്. സംസ്ഥാനത്തെ പ്രമുഖ നിയമ നിർവഹണ ഏജൻസിയായ ടെക്സസ് റേഞ്ചേഴ്സിനോട് അന്വേഷണം ആരംഭിക്കാൻ ഗവർണർ ആബട്ട് ഉത്തരവിട്ടിരുന്നത്.
കൂടാതെ, അറ്റോർണി ജനറൽ കെൻ പാക്സ്റ്റണിന്റെ ഓഫീസ് പ്രഖ്യാപിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.