പെൻറിത്ത് മലയാളി കൂട്ടായ്മ വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന്
Wednesday, July 9, 2025 3:26 PM IST
സിഡ്നി: 2025ലെ ഓണാഘോഷങ്ങളുടെ ഭാഗമായി വെസ്റ്റേൺ സിഡ്നിയിലെ പ്രമുഖ മലയാളി സംഘടനയായ പെൻറിത്ത് മലയാളി കൂട്ടായ്മ(പിഎംകെ) സംഘടിപ്പിക്കുന്ന വള്ളംകളി മത്സരം ഓഗസ്റ്റ് രണ്ടിന് റിഗാറ്റ ഇന്റർനാഷണൽ സെന്ററിൽ നടക്കും.
ഇതിൽ പെൻറിത്തിന്റെ സ്വന്തം ടീമായ മിന്നൽ റേസിംഗ് ടീമും(എംആർടി) മാറ്റുരയ്ക്കും. കഴിഞ്ഞവർഷം രൂപീകൃതമായ എംആർടി സൺഷൈൻ കോസ്റ്റിൽ നടന്ന പ്രഥമ ഓൾ ഓസ്ട്രേലിയൻ നെഹ്റു ട്രോഫി മത്സരത്തിൽ ചാമ്പ്യൻമാരായി മികവ് തെളിയിച്ചവരാണ്.
എംആർടിയുടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ചാമ്പ്യൻമാരാവാൻ അരയും തലയും മുറുക്കിയുള്ള അക്ഷീണ പ്രയത്നത്തിലാണിവർ. റിഗാറ്റ സെന്ററിൽ "പെൻ ഡ്രാഗൺ' ക്ലബിന്റെ നേതൃത്വത്തിലാണ് പരിശീലനം.
നാട് വിട്ട് മറുനാട്ടിൽ കുടിയേറിയവരാണെങ്കിലും സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും ഇത്രയേറെ അഭിമാനിക്കുന്ന ഈ മലയാളി സമൂഹം കാണിക്കുന്ന ഈ ഉത്സാഹം തദ്ദേശീയരായ ആൾക്കാരുടെ പോലും പ്രശംസ പിടിച്ചു പറ്റിയിരുന്നു.
എംആർടിയിലെ അംഗങ്ങൾ കൂടി പങ്കെടുത്ത പെൻ ഡ്രാഗൺ ക്ലബ് ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയൻ നാഷണൽ ഡ്രാഗൺ ബോട്ട് ചാന്പ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കിയതും ഈ വർഷമായിരുന്നു.
പിഎംകെ ഓണാഘോഷം 2025 അതിഗംഭീരമാക്കുവാൻ സംഘാടകർ ശ്രമിക്കുന്നുണ്ട്. വള്ളംകളി മത്സരത്തോടൊപ്പം തന്നെ ധാരാളം വൈവിധ്യമാർന്ന പരിപാടികൾ കരയിൽ നടത്തപ്പെടുമെന്നും സംഘാടകർ അറിയിച്ചു