"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്
പി.പി. ചെറിയാൻ
Tuesday, September 16, 2025 5:23 PM IST
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി ഈ മാസം 21ന് കാൽഗറി റെൻഫ്രൂ കമ്യൂണിറ്റി ഹാളിൽ (811 Radford Rd NE, Calgary) നടക്കും.
സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്റെ വിവിധ ഭാഷകളിലുള്ള കൃതികൾ, പദങ്ങൾ, ഭജൻ, തില്ലാന എന്നിവ ചേർത്തിണക്കിക്കൊണ്ട് തനത് രീതിയിൽ നിന്നും വ്യത്യസ്തമായുള്ള സംഗീത സദസാണ് "സാമോദം ചിന്തയാമി'.
ദക്ഷിണ ഭാരതസംഗീതത്തിന്റെ ആഴത്തിലുള്ള പാരമ്പര്യവും സർഗാത്മതയും സംസ്കാരവും ആസ്വാദകർക്ക് പകർന്നുകൊടുക്കുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. മമത നമ്പൂതിരി (വോക്കൽ), ആദിത്യ നാരായണൻ (മൃദംഗം), മുകുന്ദ് കൃഷ്ണൻ (വയലിൽ) എന്നിവർ വേദിയിലെത്തും.
കുറവിലങ്ങാട് ദേവമാത കോളജ് രസതന്ത്ര വിഭാഗം മുൻ മേധാവിയായ ചലച്ചിത്രതാരം ബാബു നമ്പൂതിരിയുടെ മകളാണ് മമത നമ്പൂതിരി. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.