മുൻ സഹപാഠിയെ ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
പി.പി. ചെറിയാൻ
Saturday, April 26, 2025 6:26 AM IST
ഹൂസ്റ്റൺ: 20 വർഷം മുൻപ് യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 41 വയസുകാരനായ മൊയ്സെസ് സാൻഡോവൽ മെൻഡോസയുടെ വധശിക്ഷ നടപ്പാക്കിയതായി ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൺ അറിയിച്ചു.
ഈ വർഷം ടെക്സസിൽ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട മൂന്നാമത്തെ തടവുകാരനാണ് മെൻഡോസ. ഹണ്ട്സ്വില്ലെയിലെ സംസ്ഥാന പെനിറ്റൻഷ്യറിയിൽ വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്.
2004 മാർച്ചിൽ 20 വയസുള്ള യുവതിയെ കൊലപ്പെടുത്തിയതിന് മെൻഡോസ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതി യുവതിയെ ലൈംഗികമായി ആക്രമിച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
തുടർന്ന് മൃതദേഹം ഒരു കുഴിയിലേക്ക് കൊണ്ടുപോയി തീയിട്ട ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ദിവസങ്ങൾക്കു ശേഷമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് യുവതിയുടെ കുട്ടികളോട് പ്രതി മാപ്പ് ചോദിച്ചു. എന്തു ചെയ്താലും പകരമാവില്ലെന്ന് അറിയാം എന്നാലും മാപ്പ് എന്നാണ് പ്രതി മൊയ്സെസ് സാൻഡോവൽ മെൻഡോസ പറഞ്ഞത്.
മെൻഡോസ കൊലപാതകം സമ്മതിച്ചെങ്കിലും വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ അയാളുടെ അപ്പീലുകൾ കോടതി തള്ളി. മാരകമായ കുത്തിവയ്പ്പിലൂടെയുള്ള വധശിക്ഷ തടയുന്നതിനുള്ള മെൻഡോസയുടെ എല്ലാ അപ്പീലുകളും യുഎസ് സുപ്രീം കോടതി നിരസിച്ചിരുന്നു.
മെൻഡോസയുടേത് ഉൾപ്പെടെ ഈ വർഷം യുണൈറ്റഡ് സ്റ്റേറ്റ്സിൽ 13 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്: ഒൻപതെണ്ണം മാരകമായ കുത്തിവയ്പ്പിലൂടെയും രണ്ടെണ്ണം വെടിവച്ചും രണ്ടെണ്ണം നൈട്രജൻ വാതകം ഉപയോഗിച്ചുമാണ് നടപ്പാക്കിയത്.