ട്രംപ് കാബിനറ്റ് അംഗം ക്രിസ്റ്റി നോയിമിനെ റസ്റ്റോറന്റിൽ കൊള്ളയടിച്ചു
പി.പി. ചെറിയാൻ
Friday, April 25, 2025 5:42 AM IST
വാഷിംഗ്ടൺ ഡിസി: ഈസ്റ്റർ ദിനത്തിൽ വാഷിംഗ്ടൺ ഡിസിയിൽ അത്താഴം കഴിക്കുന്നതിനിടെ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയിമിനെ കൊള്ളയടിച്ചതായി റിപ്പോർട്ട്. അമേരിക്കയിലെ രഹസ്യാന്വേഷണ ഏജൻസിയുടെ സുരക്ഷയുള്ള വ്യക്തിയാണ് നോയിം. മോഷണം നടന്നതായി നോയിം സ്ഥിരീകരിച്ചു.
നോയിമിന് സുരക്ഷയൊരുക്കുന്ന സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ റസ്റ്റോറന്റ് സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മെഡിക്കൽ മാസ്ക് ധരിച്ച അജ്ഞാതനായ പുരുഷൻ അവരുടെ ബാഗ് മോഷ്ടിച്ച് റസ്റ്റോറന്റിൽ നിന്ന് പുറത്തേക്ക് പോകുന്നത് കണ്ടെത്തി.
നോയിമിന്റെ ഡ്രൈവിംഗ് ലൈസൻസ്, മരുന്നുകൾ, അപ്പാർട്ട്മെന്റ് താക്കോലുകൾ, പാസ്പോർട്ട്, ഡിഎച്ച്എസ് ആക്സസ് ബാഡ്ജ്, മേക്കപ്പ് ബാഗ്, ബ്ലാങ്ക് ചെക്കുകൾ, ഏകദേശം 3,000 ഡോളർ പണം എന്നിവ ബാഗിലുണ്ടായിരുന്നു. സീക്രട്ട് സർവീസ് സംഭവം അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
കുടുംബത്തിന് ഈസ്റ്റർ സമ്മാനങ്ങൾ വാങ്ങുന്നതിനായി കരുതിയ പണമാണ് മോഷ്ടിക്കപ്പെട്ടത്. മോഷണത്തിന് പിന്നിൽ രാഷ്ട്രീയപരമായ കാരണങ്ങളുണ്ടോ എന്ന് നിലവിൽ അറിവില്ല. എന്നാൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടെ നോയിം പലപ്പോഴും വാർത്തകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ്.