പറക്കാനൊരുങ്ങവേ വിമാനത്തിന് റണ്‍വേയില്‍ തീ പിടിച്ചു
Tuesday, April 22, 2025 1:42 PM IST
ഫ്ലോറിഡ: 284 യാത്രക്കാരുമായി ഫ്ലോറിഡ വിമാനത്താവളത്തില്‍നിന്നു ടേക്ക് ഓഫിനായി റണ്‍വേയിലെത്തിയ ഡെൽറ്റ എയര്‍ലൈന്‍ വിമാനത്തില്‍ തീ പടര്‍ന്നു. സംഭവത്തിൽ യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നു ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കി.
ഓർലാന്റോയില്നിന്നും അറ്റ്ലാന്റയിലേക്ക് പോവാന്‍ തയാറെടുത്ത ഡെൽറ്റ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 1213 -ന്റെ എഞ്ചിനിലാണ് തീ പടര്‍ന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
വിമാനം റണ്‍വേയില്‍ നിര്‍ത്തിയിട്ടിരിക്കുമ്പോൾ ഒരു ചിറകില്‍നിന്നും കടുത്ത പുകയുയരുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയില്‍ കാണാം. വിമാനത്തിന്റെ രണ്ടാമത്തെ എഞ്ചിനിലാണ് തീ പിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
പുകയുയര്‍ന്നതിന് പിന്നാലെ യാത്രക്കാരെ, എമര്‍ജന്‍സി വാതില്‍ വഴി പുറത്തിറക്കി സുരക്ഷിതരമാക്കി. പിന്നാലെ വിമാനത്താവളത്തിലെ അഗ്നിര്കഷാ ഉദ്യോഗസ്ഥരെത്തി തീ കെടുത്തി.