ഡൽഹിയിൽ 15 വയസുകാരിയുടെ വിവാഹം പോലീസ് തടഞ്ഞു
Thursday, March 27, 2025 1:31 PM IST
ന്യൂഡൽഹി: പ്രേം നഗര്‍ പോലീസ് സ്റ്റേഷനില്‍ പരിധിയിലെ രോഹിണിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമം പോലീസ് ഇടപെട്ടു തടഞ്ഞു. 15 വയസുകാരിയായ പെണ്‍കുട്ടിയുടെ വിവാഹം 21 വയസുകാരനുമായി ഒരമ്പലത്തില് നടത്താനായിരുന്നു ബന്ധുക്കളുടെ തീരുമാനം.
എന്നാൽ, ശൈശവവിവാഹവിവരം അറിഞ്ഞ ഒരാള്‍ പോലീസിനെ അറിയിച്ചു. പോലീസെത്തി പെണ്‍കുട്ടിയുടെ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോൾ രേഖകള്‍ നല്കാന് വീട്ടുകാര്‍ വിസമ്മതിക്കുകയായിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി കുട്ടിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. തങ്ങള്‍ നടത്താനിരുന്നത് കല്ല്യാണമല്ലെന്നും കല്ല്യാണനിശ്ചയമാണെന്നും കുടുംബക്കാര് വാദിച്ചെങ്കിലും ഇവര്‍ക്കെതിരേ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കിയശേഷം ഒരു ഷെല്‍ട്ടര്‍ ഹോമിലേക്കു മാറ്റി.