യുഎസിൽ ചെറുവിമാനം തകർന്ന് വീണു; നാല് പേർക്ക് ദാരുണാന്ത്യം
പി .പി. ചെറിയാൻ
Wednesday, April 23, 2025 6:43 AM IST
ഇല്ലിനോയി: ഇല്ലിനോയി ട്രില്ലയിൽ ചെറുവിമാനം തകർന്ന് വീണ് നാലുപേർ കൊല്ലപ്പെട്ടു. ഇല്ലിനോയിലെ കൃഷിയിടത്താണ് വിമാനം തകർന്നുവീണത്.
വൈദ്യുതി ലൈനുകളിൽ തട്ടിയതിനെ തുടർന്നാണ് വിമാനം കൃഷിയിടത്തിൽ തകർന്നുവീണതെന്നാണ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നിഗമനം.
ശനിയാഴ്ച വിസ്കോൻസെനിൽ നിന്നുള്ള നാലുപേരുമായി പോയ സിംഗിൾ എഞ്ചിൻ സെസ്ന C180G വിമാനം ഷാംപെയ്നിൽ നിന്ന് ഏകദേശം 65 മൈൽ തെക്കുള്ള ട്രില്ലയിലാണ് തകർന്നുവീണത്.
മാരകമായ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷവും വിമാനത്തിന്റെ അവശിഷ്ടങ്ങൾ റോഡിൽ ചിതറിക്കിടക്കുകയായിരുന്നു ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് വിവരിച്ചു.
സംഭവത്തിൽ കൊല്ലപ്പെട്ട യാത്രക്കാരുടെ വിവരങ്ങൾ കോൾസ് കൗണ്ടി കൊറോണർ എഡ് ഷ്നിയേഴ്സ് സ്ഥിരീകരിച്ചു. രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്.