ബൈക്ക് മോഷ്ടാക്കൾ വാഹന പരിശോധനയിൽ കുടുങ്ങി
1484682
Thursday, December 5, 2024 8:11 AM IST
തൃശൂർ: ബൈക്ക് മോഷണക്കേസിലെ പ്രതികൾ പോലീസിന്റെ വാഹനപരിശോധനയിൽ കുടുങ്ങി. അശ്വിനി ജംഗ്ഷനുസമീപം നടത്തിയ പരിശോധനയിലാണ് തൃശൂർ പട്ടാളം റോഡ് സ്വദേശിയായ മുത്തു (28), മാടക്കത്തറ പനന്പിള്ളി സ്വദേശിയായ ജാതിക്കപ്പറന്പിൽ തദേവൂസ് (19) എന്നിവർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
പൂങ്കുന്നം റെയിൽവേ സ്റ്റേഷൻ പരിസരത്തു പാർക്ക് ചെയ്ത ബൈക്ക് കഴിഞ്ഞമാസം 26നാണു മോഷണം പോയത്. സിസിടിവി കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിനിടെയാണു പ്രതികൾ പിടിയിലായത്. വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുന്നതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. ബൈക്കിന്റെ നന്പർപ്ലേറ്റിലെ അക്കങ്ങൾ ചുരണ്ടിമാറ്റിയ നിലയിലായിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് ബൈക്ക് മോഷ്ടാക്കളാണെന്നു വ്യക്തമായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്ഐമാരായ സുനിൽകുമാർ, ബിബിൻ പി. നായർ, സീനിയർ സിപിഒമാരായ സൂരജ്, സുനി, സാംസണ്, ശശിധരൻ, സിപിഒമാരായ അജ്മൽ, അജ്മൽ, സാംസണ്, സുഹീൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.