പൂത്തോൾ ശങ്കരയ്യ റോഡിനു പുതിയ മുഖം
1479650
Sunday, November 17, 2024 2:59 AM IST
തൃശൂർ: കാത്തിരിപ്പുകൾക്കു വിരാമം. തകർന്നുതരിപ്പണമായ പൂത്തോൾ ശങ്കരയ്യ റോഡിന്റെ ശോച്യാവസ്ഥയ്ക്കു ശാപമോക്ഷമാകുന്നു. ദുരിതപാത വീതികൂട്ടി അത്യാധുനിക ബിഎംബിസി നിലവാരത്തിലുള്ള റോഡാക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി.
ഏതാനും ദിവസങ്ങളായി അറ്റകുറ്റപ്പണികൾ നടന്നുവന്നിരുന്ന ഇവിടെ ഇന്നലെയും ഇന്നുമായി പൂർണമായും ഗതാഗതം ഒഴിവാക്കിയാണ് നിർമാണം പൂർത്തീകരിക്കുന്നത്. 1.40 കോടി രൂപ വകയിരുത്തിയാണ് മൈജി മുതൽ ശങ്കരയ്യ ജംഗ്ഷൻവരെയുള്ള റോഡ് നിർമാണം. ഇതിനുപുറമെ 42 ലക്ഷം രൂപ വകയിരുത്തി കോർപറേഷന്റെ ട്രാൻസ്ഫോർമർ ഉൾപ്പെടെയുള്ള പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നുണ്ട്.
ടാറിംഗ് പ്രവൃത്തികളുടെ ഭാഗമായി തൃശൂരിൽനിന്നു കോഴിക്കോട്ടേക്കുപോകുന്ന കെഎസ്ആർടിസി ബസുകൾ അടക്കമുള്ള വാഹനങ്ങൾ പൂത്തോളിൽനിന്ന് ഇടത്തോട്ടു വഞ്ചിക്കുളംവഴിയും കോഴിക്കോടുനിന്നുള്ള വാഹനങ്ങൾ എംജി റോഡ് വഴിയും തിരിച്ചുവിട്ടതോടെ രൂക്ഷമായ ഗതാഗതക്കുരുക്കിനും നഗരം സാക്ഷ്യം വഹിച്ചു.